കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി അ‌ന്താരാഷ്ട്ര വിമാനത്താവളം പൂർണ സജ്ജമാണെന്ന് സിയാൽ ഡയറക്ടർ എ.സി.കെ.നായർ. പകർച്ചവ്യാധി തടയുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് മാതൃഭൂമി ന്യൂസിന് അ‌നുവദിച്ച പ്രത്യേക അ‌ഭിമുഖത്തിൽ അ‌ദ്ദേഹം പറഞ്ഞു.

യാത്രക്കാർ തമ്മിലും യാത്രക്കാരും വിമാനത്താവള ജീവനക്കാരും തമ്മിലും സാമൂഹിക അ‌കലം പാലിക്കുന്നതിന് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു ഏറോബ്രിഡ്ജ് ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. ഏറോബ്രിഡ്ജ് കടന്നു വന്നാലുടൻ ഹാൻഡ് സാനി​റ്റയ്സ് ചെയ്യാനുള്ള സൗകര്യമുണ്ട്. തുടർന്ന് ഇവിടെ കാത്തുനിൽക്കുമ്പോൾ സാമൂഹിക അ‌കലം പാലിക്കാനാകുന്ന രീതിയിൽ മാർക്കിങ് നൽകിയിട്ടുണ്ട്. 

തെർമൽ സ്കാനർ വഴിയാണ് യാത്രക്കാർ കടന്നുവരുന്നത് എന്നതിനാൽ ആർക്കെങ്കിലും ശരീരോഷ്മാവ് കൂടുതലുണ്ടെങ്കിൽ ഉടനെ അ‌റിയാം. ഇവരെ പ്ര​ത്യേകമായി ഐസൊലേറ്റ് ചെയ്യും. ആർക്കെങ്കിലും കാര്യമായ രോഗലക്ഷണമുണ്ടെന്ന് ബോധ്യപ്പെട്ടാൽ അ‌വരെ എയർപോർട്ടിന്റെ മറ്റു ഭാഗങ്ങളിലേക്ക് കടക്കാൻ അ‌നുവദിക്കാതെ ഉടനെ തന്നെ എയർ​സൈഡ് വഴി പ്രത്യേക ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കും. ഇതിനായി ഇവിടെ ഇവിടെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ ഉൾപ്പെടെ സ്റ്റാഫ് ഉണ്ടാകും.

ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ പരിശോധനയ്ക്ക് ശേഷം സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നൽകണം. പിന്നീട് യാത്രക്കാർക്ക് എമിഗ്രേഷനിലേക്ക് പോകാം. എമിഗ്രേഷനിലും അ‌തിനു ശേഷം ബാഗേജ് സ്വീകരിക്കാൻ കൺവെയർ ബെൽറ്റിലെത്തുമ്പോഴും സാമൂഹിക അ‌കലം പാലിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വിമാനത്തിൽ നിന്നിറക്കിയ അ‌ണുവിമുക്തമാക്കിയ ശേഷമാകും ബാഗേജുകൾ കൺവെയർ ബെൽറ്റിലെത്തുക.

യാത്രക്കാർക്ക് ബാഗേജ് ലഭിച്ച ശേഷം വിശ്രമിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് ഗവൺമെന്റ് ഒഫീഷ്യലുകൾ ക്വാറന്റയ്ൻ ചെയ്യുന്നതിനായി ഇവരെ കൊണ്ടുപോകും. സിയാൽ ഡയറക്ടർ വിശദമാക്കി.

പ്രവാസികളെ കൊണ്ടുവരുന്ന ആദ്യ വിമാനം വ്യാഴാഴ്ച രാത്രി ​നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും. ആദ്യഘട്ടത്തിൽ പത്ത് വിമാനങ്ങളിലായി 2150 പേരാണ് നെടുമ്പാശ്ശേരിയിൽ എത്തുക. പ്രവാസികളെ കൊണ്ടുവരുന്നതിനു മുന്നോടിയായി എയർപോർട്ടിൽ ത്രീ ഫേസ് ഡിസ്ഇൻഫെക്ഷനും മോക്ക്ഡ്രില്ലും ഉൾപ്പെടെ പൂർത്തിയാക്കിയിട്ടുണ്ട്.

Content Highlights: kochi nedumbassery airport is all set to welcome corona virus expats return