.jpg?$p=4f96ebc&f=16x10&w=856&q=0.8)
പള്ളുരുത്തിയിലെ ജയറാമിൻറെ ഭൂമി കൈയേറി നിർമിച്ച റോഡിൻറെ ഭാഗം റവന്യൂ അധികൃതർ അളന്ന് മാർക്ക് ചെയ്ത നിലയിൽ/പള്ളുരുത്തിസ്വദേശി ജയറാം
പള്ളുരുത്തി: സ്വന്തം ഭൂമി തിരിച്ചുകിട്ടാന്‍ 27 വര്‍ഷം പോരാടിയ ജയറാമിന് ഇനി ആശ്വസിക്കാം. പള്ളുരുത്തി നാല്പ്പതടി റോഡ് നിര്‍മിച്ചിരിക്കുന്നത് ജയറാമിന്റെ ഭൂമി കൈയേറിയാണ്. കോടതി ഇടപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തി, ഭൂമി അളന്നു. നമ്പ്യാപുരം റോഡിന് സമീപം ജയറാമിന്റെ പേരിലുള്ള ഭൂമി കൈയേറിയാണ് റോഡ് നിര്‍മിച്ചതെന്ന് രേഖകള്‍ വ്യക്തം. റോഡ് കടന്നുപോകുന്നത് ജയറാമിന്റെ ഭൂമിയുടെ മധ്യഭാഗത്തുകൂടിയാണ്. അളവനുസരിച്ച് ഈ മനുഷ്യന് മതില് കെട്ടിയാല്‍, റോഡ് അടഞ്ഞുപോകും.
"ഇതാണ് ഞാന്‍ പറഞ്ഞത്... എന്റെ ഭൂമി കൈയേറിയാണ് കോര്പ്പറേഷന് റോഡ് നിര്‍മിച്ചത്. എന്റെ അനുവാദമില്ലാതെയാണത്. ഭൂമി കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ, വില തരാന്‍ കോര്പ്പറേഷന് കൂട്ടാക്കിയില്ല. ഞാന്‍ കേസ് കൊടുത്തെങ്കിലും അത് ഗൗനിക്കാതെ, ഞാനില്ലാത്ത സമയത്ത് ഭൂമി കൈയേറുകയായിരുന്നു..." -ജയറാം പറയുന്നു.
ദീര്‍ഘകാലം വിദേശത്ത് ജോലിചെയ്ത ജയറാം, പ്രായമാകുന്നകാലത്ത് നാട്ടിലെന്തെങ്കിലും ചെയ്യാനാണ് ഭൂമിവാങ്ങിയത്. ആകെ ആറുസെന്റ് ഭൂമി. റോഡ് നിര്‍മിക്കാന്‍ കോര്പ്പറേഷന് സമീപിച്ചപ്പോള്‍, ഇഷ്ടമില്ലെങ്കിലും ഭൂമി നല്‍കാമെന്ന് ജയറാം പറഞ്ഞു. മറ്റൊരു ഭൂമി വാങ്ങാനുള്ള പണം വേണമെന്ന് പറഞ്ഞു. പക്ഷേ, അതിന് അധികൃതര്‍ തയ്യാറായില്ല. നാട്ടിലില്ലാത്ത ആളുടെ ഭൂമി, അയാളോടു പറയാതെ, കോര്പ്പറേഷന് കൈയേറി... അങ്ങനെയാണ് റോഡുണ്ടായത്. എതിര്‍ക്കാനൊന്നും പോകാതെ ജയറാം കോടതിയിലേക്ക് പോയി.
റോഡ് കഴിഞ്ഞ് ബാക്കിയുള്ള സ്ഥലത്ത് വീടുവയ്ക്കാന്‍ പ്ലാന്‍ പാസാക്കാന്‍ ചെന്നപ്പോഴും, കോര്പ്പറേഷന് അധികൃതര്‍ സമ്മതിച്ചില്ല. ഭൂമി മരവിപ്പിച്ചതിനാല്‍, കെട്ടിടംവയ്ക്കാനാവില്ലെന്ന വാദമാണ് പറഞ്ഞത്. ജയറാം അപ്പോഴും എതിര്‍ത്തില്ല. കോടതിയെ സമീപിച്ചു.
കെട്ടിടത്തിന്റെ പ്ലാനിന് അംഗീകാരം നല്കാന് കോടതി നിര്‍ദേശിച്ചു. കെട്ടിടം നിര്‍മിക്കാന്‍ കുഴിയെടുത്തപ്പോള്‍, അതാ വരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍... അവര്‍ കുഴികളില്‍ കൊടിനാട്ടി. അതോടെ നിര്‍മാണം നിര്‍ത്തി. പിന്നെയും ഫയല്‍ കോടതിയിലേക്ക്... ഒടുവില്‍ വീടുവയ്ക്കാന്‍ വീണ്ടും അനുമതിയായി. ഇതിനിടയിലാണ് ഭൂമി അളന്നുതിട്ടപ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചത്. അപ്പോഴേക്കും രണ്ടരപ്പതിറ്റാണ്ട് കടന്നുപോയി. നിയമപ്പോരാട്ടത്തിലൂടെ ജയറാം നീതിയുടെ വഴിയിലെത്തി.
ഒന്നുകില്‍ റോഡ് പൊളിച്ചുനീക്കണം, അല്ലെങ്കില്‍ കൈയേറിയ ഭൂമിക്ക് കോര്പ്പറേഷന് വിലകൊടുക്കണം... അതാണ് സ്ഥിതി. ജയറാം വാശിപിടിച്ചാല്‍, റോഡ് പൊളിക്കാതെ മാര്‍ഗമില്ല. പക്ഷേ, വാശിപിടിക്കാനില്ലെന്ന് ജയറാം പറയുന്നു. പണ്ട് പറഞ്ഞതുതന്നെയാണ് ആ മനുഷന് ഇപ്പോഴും പറയുന്നത്: "ഭൂമി വിട്ടുതരാം, ശരിയായ വില കിട്ടണം..."
എന്നാല്‍, ഫയല്‍ വച്ചുതാമസിപ്പിച്ച്, ആളുകളെ കഷ്ടപ്പെടുത്തുന്ന കോര്പ്പറേഷന് അധികൃതര്‍ ഇപ്പോഴും അനങ്ങിയിട്ടില്ല. കൈയേറ്റം നടത്തിയ ഉദ്യോഗസ്ഥരൊന്നും ഇപ്പോള്‍ സര്വീസിലുമില്ല. "സത്യം ജയിക്കണം... കോര്പ്പറേഷന് ഇനിയാരോടും ഇങ്ങനെ ചെയ്യരുത്... 27 വര്‍ഷം പോരാടിയത് ഇതിനുവേണ്ടിയാണ്..." -ജയറാം പറയുന്നു. പള്ളുരുത്തി വാര്യംവീട് കുടുംബാംഗമാണ് ജയറാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..