കൊച്ചി: മഹാരാജാസ് കോളജ് വരെ സര്‍വീസ് നീട്ടുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ സമയക്രമത്തില്‍ മാറ്റം വരുത്തുന്നു.

ഓഗസ്റ്റ് 26 (ശനി) മുതല്‍ സെപ്റ്റംബര്‍ രണ്ട്( ശനി) വരെയാണ് സമയക്രമത്തില്‍ മാറ്റമുള്ളത്.  ഈ ദിവസങ്ങളില്‍ രാവിലെ ആറ് മണിക്ക് പകരം എട്ട് മണിമുതല്‍ മാത്രമായിരിക്കും സര്‍വീസ് തുടങ്ങുക.

സിഗ്നല്‍ സംവിധാനങ്ങള്‍ കമ്മീഷന്‍ ചെയ്യുന്ന പ്രവൃത്തികള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കാനാണ് സമയക്രമത്തില്‍ മാറ്റം വരുത്തുന്നത്. 

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ഒക്ടോബറില്‍ ആരംഭിക്കും.അതിന്നുമുന്നോടിയായി ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെയുള്ള ഘട്ടത്തിന്റെ കമ്മീഷനിങ് പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാനാണ് കെഎംആര്‍എല്‍ ശ്രമിക്കുന്നത്.

സെപ്റ്റംബര്‍ നാലുമുതല്‍ പഴയതുപോലെ സര്‍വീസ് ആറുമണിക്ക് ആരംഭിക്കുമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.  പുതുക്കിയ സമയക്രമത്തിനോട് എല്ലാവരും സഹകരിക്കണമെന്നും കെഎംആര്‍എല്‍ അഭ്യര്‍ഥിച്ചു.