Representative Image: Muralikrishnan B/ Mathrubhumi
കൊച്ചി: അഞ്ചുവര്‍ഷത്തിനിടെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് ആറു കോടിയിലേറെപ്പേര്‍. കോവിഡും ലോക്ഡൗണുമെല്ലാം മറികടന്നാണ് മെട്രോയുടെ ഈ 'കോടി' നേട്ടം. മെട്രോയുടെ യാത്രാ സര്‍വീസ് തുടങ്ങിയ 2017 ജൂണ്‍ 19 മുതലുള്ള കണക്കുകളാണിത്. 6,01,03,828 ആണ് മെട്രോയിലെ ഇതുവരെയുള്ള യാത്രക്കാരുടെ എണ്ണം.
ഈ വര്‍ഷം മേയില്‍ മെട്രോയിലെ യാത്രക്കാര്‍ പ്രതിദിനം ശരാശരി 73,000 വരെയെത്തി. ജൂണില്‍ ഇത് 62,000 ആയിരുന്നു. ഇപ്പോള്‍ ദിവസം ശരാശരി 65,000 പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്. 2021 ഡിസംബര്‍ 21-നാണ് യാത്രക്കാരുടെ എണ്ണം അഞ്ചുകോടി കടന്നത്. എസ്.എന്‍. ജങ്ഷന്‍, വടക്കേക്കോട്ട സ്റ്റേഷനുകളിലേക്കു കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ മെട്രോയില്‍ ദിവസവും യാത്ര ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷം പിന്നിടുമെന്നാണ് കെ.എം.ആര്‍.എല്ലിന്റെ പ്രതീക്ഷ.
യാത്രക്കാര്‍ക്കായി ഒട്ടേറെ ഇളവുകള്‍
യാത്രക്കാര്‍ക്കായി ഒട്ടേറെ ഇളവുകള്‍ കെ.എം.ആര്‍.എല്‍. നല്‍കുന്നുണ്ട്. 75 വയസ്സിന് മുകളിലുള്ളവര്‍ക്കും എന്‍.സി.സി., സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ്, പോലീസ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും 50 ശതമാനം ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ യാത്ര സൗജന്യമാണ്. ഈ വ്യക്തിയുടെ കൂടെ യാത്ര ചെയ്യുന്നയാള്‍ ടിക്കറ്റ് നിരക്കിന്റെ പകുതി നല്‍കിയാല്‍ മതി.
രാവിലെ ആറുമുതല്‍ എട്ടുവരെയും രാത്രി എട്ടു മുതല്‍ 11 വരെയും യാത്രക്കാര്‍ക്കായി 50 ശതമാനം ഇളവും നിലവിലുണ്ട്. വിദ്യാര്‍ഥികള്‍ക്കായി 80 രൂപയുടെ ഡേ പാസ് പദ്ധതിയും ഒരുക്കിയിട്ടുണ്ട്. പ്രതിവാര, പ്രതിമാസ പാസുകളും കൊച്ചി മെട്രോ പുറത്തിറക്കിയിട്ടുണ്ട്. പ്രതിവാര പാസിന് 700 രൂപയും പ്രതിമാസ പാസിന് 2500 രൂപയുമാണ്. ഒരാഴ്ച ഏത് സ്റ്റേഷനില്‍നിന്നും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാമെന്നതാണ് പ്രതിവാര യാത്രാ പാസിന്റെ പ്രത്യേകത. പ്രതിമാസ ട്രിപ്പ് പാസില്‍ 30 ദിവസം പരിധിയില്ലാതെ യാത്ര ചെയ്യാനാകും.
എസ്.എന്‍. ജങ്ഷന്‍ മുതല്‍ ഗതാഗത നിയന്ത്രണം
മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ എസ്.എന്‍. ജങ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെ ഗതാഗത നിയന്ത്രണമുണ്ടാകും. മില്‍മ ആര്‍.ഒ.ബി. സര്‍വീസ് റോഡിലേക്ക് എത്തുന്ന എം.കെ.കെ. നായര്‍ റോഡ് ശനിയാഴ്ച മുതല്‍ അടച്ചിടും. എസ്.എന്‍ ജങ്ഷനില്‍നിന്ന് തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നവര്‍ മാര്‍ക്കറ്റ് റോഡ്, ഹില്‍പ്പാലസ് റോഡ്, പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡ് എന്നിവിടങ്ങളിലൂടെ പോകണം.
എം.കെ.കെ. റോഡിനും പള്ളിപ്പറമ്പുകാവിന് സമീപവും താമസിക്കുന്നവര്‍ എസ്.എന്‍. ജങ്ഷന്‍-ഇരുമ്പനം ഭാഗത്തേക്ക് പോകുന്നതിന് പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡ്, മാര്‍ക്കറ്റ് റോഡ്, ഹില്‍പാലസ് റോഡ് എന്നിവ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: Kochi Metro served six crore passengers in Five years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..