കൊച്ചി: കൊച്ചി മെട്രോയില്‍ ശനിയാഴ്ച യാത്രക്കാരുടെ എണ്ണം 50,000 കടന്നു. കോവിഡ് ലോക്ഡൗണിന് ശേഷം സര്‍വീസ് പുനരാരംഭിച്ച കൊച്ചി മെട്രോയിലെ ഏറ്റവും ഉയര്‍ന്ന യാത്ര വര്‍ധനയാണിത്. ശനിയാഴ്ച 50233 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. കോവിഡിന് മുമ്പ് 65,000 ത്തിലേറെ പേരാണ് മെട്രോയില്‍ പ്രതിദിനം യാത്ര ചെയ്തിരുന്നത്. ഇക്കാലയളവില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം ഏറ്റവും ഉയര്‍ന്നത് 2018 ജൂണ്‍ 19 നാണ്. 1.56 ലക്ഷം പേരാണ് അന്ന് യാത്രചെയ്തത്. 

2019 ഡിസംബര്‍ 31ന് 1.25 ലക്ഷത്തിലേറെ പേര്‍ യാത്രചെയ്തു. കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണിനും ശേഷം സര്‍വീസ് പുനരാരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും പടിപടിയായി വര്‍ധിച്ചുവന്നു. ആദ്യത്തെ ലോക്ഡൗണിനുശേഷം പ്രതിദിനം ശരാശരി 18361 പേരാണ് മെട്രോ സര്‍വീസ് ഉപയോഗിച്ചിരുന്നതെങ്കില്‍ രണ്ടാം ലോക്ഡൗണിനുശേഷം അത് 26043 പേരായി വര്‍ധിച്ചു. നവംബറായതോടെ പ്രതിദിന യാത്രക്കാരുട എണ്ണം  41648ല്‍ എത്തി. അതാണ് ഇപ്പോള്‍ 50,000 കടന്നിരിക്കുന്നത്.

വിവിധ സ്റ്റേഷനുകളില്‍ നിന്ന് യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ഫീഡര്‍ സര്‍വീസുകള്‍ കൂടുതലായി ആരംഭിച്ചതും നിരക്കുകളില്‍ ഇളവ് നല്‍കിയതും, സ്റ്റേഷനുകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചതും, വിശേഷ ദിവസങ്ങളില്‍ സൗജന്യനിരക്കുകള്‍ നല്‍കിയതും യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കാന്‍ സഹായകരമായി. സായുധസേന പതാകദിനമായ ചൊവ്വാഴ്ച പ്രതിരോധ സേനയിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും സൗജന്യനിരക്കില്‍ യാത്ര ചെയ്യാം. ഈ വിഭാഗത്തില്‍പെടുന്ന 75 വയസിനുമേല്‍ പ്രായമുള്ളവര്‍ക്ക് പൂര്‍ണമായും സൗജന്യമായി യാത്ര ചെയ്യാം. 75 വയസിനുതാഴെ പ്രായമുള്ളവര്‍ 50 ശതമാനം നിരക്ക് നല്‍കിയാല്‍ മതി.

Content Highlights: Kochi metro records highest number of passengers after covid lockdown