Adv. M. Anilkumar | Photo: Mathrubhumi
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സോൺട ഇൻഫ്രാടെക്, ആരഷ് മീനാക്ഷി എൻവയോകെയറിന് ഉപകരാർ നൽകിയിരിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് കൊച്ചി മേയർ എം. അനിൽ കുമാർ. എന്നാൽ, കരാർ പ്രകാരമുള്ള പണം കൈമാറിയത് സ്വാമി ബുക്ക് ഹൗസ് ഉടമ വെങ്കിട്ടനാണെന്നുള്ള കാര്യം നേരത്തെ പറഞ്ഞിരുന്നതാണെന്നും ഈ വിഷയത്തിൽ ഇനിയൊരു ചർച്ചക്കില്ലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ബ്രഹ്മപുരത്ത് പ്രവർത്തനങ്ങളൊന്നും നടക്കാതെവന്നതോടെ സോൺടയുടെ പല വർക്കുകളും ചെയ്തിരുന്ന വെങ്കിട്ടനെ ഓഫീസിലേക്ക് വിളിപ്പിക്കുകയാണ് ചെയ്തത്. പണം നൽകാനുണ്ടെന്ന് പറഞ്ഞതോടെ കരാറുകാരെയും വിളിച്ചിരുത്തി സംസാരിക്കുകയും പണം കൈമാറി മാലിന്യ സംസ്കരണം വേഗത്തിലാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബ്രഹ്മപുരം തീപിടുത്തമുണ്ടായതിന് പിന്നാലെതന്നെ വെങ്കിട്ടന് പണം നൽകിയതിനെക്കുറിച്ചും അന്നുതന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നതാണ്.
എന്നാൽ സോൺട ഉപകരാർ നൽകിയതാണോയെന്നും അതിന്റെ വ്യവസ്ഥകൾ എന്തൊക്കെയായിരുന്നു എന്നുമുള്ള കാര്യങ്ങൾ തനിക്ക് അറിയില്ലെന്നും മേയർ പറഞ്ഞു.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നുകരുതി ആർക്കെതിരേയും നടപടി എടുക്കാൻ സാധിക്കില്ല. സോൺട കമ്പനി ഉപകരാർ നൽകിയോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരുകയാണെന്നും നിയമപരമായി അന്വേഷിച്ച ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മപുരത്ത് ബയോ മൈനിങ്ങിനു വേണ്ടിയാണ് സോൺട ഇന്‍ഫ്രടെക് കമ്പനിക്ക് കരാര്‍ നല്‍കിയത്. 54 കോടി രൂപയ്ക്കാണ് കൊച്ചി കോർപറേഷൻ കരാർ നൽകിയിരുന്നത്. ഒന്‍പതുമാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. എന്നാൽ 22.5 കോടി രൂപക്ക് സോൺട ഇൻഫ്രാടെക് ആരഷ് കമ്പനിക്ക് കരാർ മറിച്ചു കൊടുക്കുകയായിരുന്നു. കരാർ പ്രകാരം മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ജോലികളൊന്നും ചെയ്യാതെതന്നെ പകുതിയിലധികം തുക സോൺടയ്ക്ക് ലഭിക്കും.
ആരഷ് മീനാക്ഷി എൻവയോകെയറുമായി സോണ്ട ഉപകരാറിലേർപ്പെടുന്നത് 2021 നവംബർ 20-ാം തീയതിയാണ്. അന്ന് ഈ കമ്പനി രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു. ഈ കരാറുണ്ടാക്കി ഒരുമാസത്തിന് ശേഷം ഡിസംബർ 20-നാണ് ആരഷ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കരാർ നേടിയെടുക്കുന്നതിന് വേണ്ടി മാത്രമുണ്ടാക്കിയ കമ്പനിയെന്ന ആരോപണങ്ങളാണ് ഉയരുന്നത്. കൂടാതെ ബയോമൈനിങ് രംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത കമ്പനിയാണ് ആരഷ് എന്നും ആരോപണം ഉയരുന്നുണ്ട്.
Content Highlights: kochi mayor on zonda company issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..