വീട്ടില്‍ കിടന്ന് മരിച്ചുപോയാല്‍ ഉത്തരവാദിയല്ലെന്ന് ഡോക്ടര്‍ പറഞ്ഞു; മരണത്തെ തോല്‍പ്പിച്ച് അര്‍ച്ചന


ടി.ജെ. ശ്രീജിത്ത്

അർച്ചനയും ഭർത്താവ് സഞ്ജീവും മകൾ അദ്വികയും കാക്കനാട്ടെ വീട്ടിൽ |ചിത്രം: ടി.കെ. പ്രദീപ് കുമാർ

കൊച്ചി: ആത്മവിശ്വാസവും പ്രതീക്ഷകളും ഒപ്പമുള്ളവരുടെ സ്‌നേഹവുമായിരുന്നു അർച്ചനയുടെ ഒന്നാമത്തെ മരുന്ന്. 'ആദ്യം ചികിത്സിച്ച ഡോക്ടർ ഒരിക്കൽ മുഖത്തുനോക്കി പറഞ്ഞു, നിങ്ങൾ വീട്ടിൽ കിടന്ന് മരിച്ചുപോയാൽ ഞാൻ ഉത്തരവാദിയല്ല...' കാക്കനാട് തെങ്ങോടുള്ള വീട്ടിലിരുന്ന് മരുന്നു മണമുള്ള ജീവിതത്തെക്കുറിച്ച് പാതിയടഞ്ഞ ശബ്ദത്തിൽ പറയുകയാണ് അർച്ചന നായർ. മൂന്നു വർഷത്തിനു ശേഷം ആദ്യമായി ഒരു ദൂരയാത്ര പോയതിന്റെ സന്തോഷത്തിലായിരുന്നു അർച്ചന. ‘‘ഇതെന്റെ മൂന്നാം ജന്മമാണ്. ഒരു മാസമേ ആയിട്ടുള്ളൂ ഇങ്ങനെയെങ്കിലും സംസാരിക്കാനായിട്ട്. കഷ്ടപ്പെട്ടിട്ടാണെങ്കിലും ഗുരുവായൂരിൽ ചെന്ന് കണ്ണനെ തൊഴാനായല്ലോ’’ - അർച്ചന ആത്മവിശ്വാസത്തിലാണ്!

14 വർഷത്തോളം ബെംഗളൂരുവിലെ ഐ.ടി. കമ്പനിയിലായിരുന്നു ചെങ്ങന്നൂരുകാരിയായ അർച്ചന. മൂന്നു വർഷം മുൻപ്‌ കൊച്ചി ഇൻഫോ പാർക്കിലേക്ക് മാറ്റം കിട്ടി. കാക്കനാട്ട്‌ വാടക ഫ്ളാറ്റിൽ ആദ്യം ഒറ്റയ്ക്കായിരുന്നു. പിന്നെ ഭർത്താവ് സഞ്ജീവും മകൾ അദ്വികയും എത്തി. ഒരു ദിവസം രാവിലെ കാർ ഓടിക്കുമ്പോൾ എല്ലാം ഇരട്ടയായി കാണാൻ തുടങ്ങി. ഡോക്ടറെ കണ്ടു. കണ്ണിന്റെ പ്രശ്നമല്ല, പക്ഷേ ആ ഡോക്ടർ മറ്റൊന്നു ശ്രദ്ധിച്ചു; അർച്ചനയുടെ ഇടതുകണ്ണിന്റെ പോള ഇടയ്ക്കിടെ അടഞ്ഞു പോകുന്നു. അടിയന്തരമായി ന്യൂറോളജിസ്റ്റിനെ കാണണം - ഡോക്ടർ നിർദേശിച്ചു.

2020-ലെ കൊറോണ കാലത്താണ്. ആശുപത്രിയിൽ പോകാൻ മടി... പക്ഷേ, അപ്പോഴേക്കും ഇടതു കണ്ണ് പൂർണമായും അടഞ്ഞു.

പിന്നെ ഒരുപാട് ടെസ്റ്റുകൾ. ഒടുവിൽ രോഗത്തിന്റെ പേര് അർച്ചന ആദ്യമായി കേട്ടു: 'മയസ്തീനിയ ഗ്രാവീസ്’. നാഡികളും പേശികളും തമ്മിലുള്ള ആശയവിനിമയം കുറയുന്ന അവസ്ഥ. ശരീരത്തെ ആകെ തളർത്തിക്കളയുന്ന രോഗം. ഗുരുതര സ്ഥിതിയിൽ ശ്വാസകോശത്തെ വരെ ബാധിക്കും. മരുന്നുകളും പ്ലാസ്മ തെറാപ്പിയും സ്റ്റിറോയിഡുകളും കൊണ്ട് നിയന്ത്രിച്ചു നിർത്താം. അതിനപ്പുറം ഭേദമാക്കാനാകില്ല.

അർച്ചന ആശുപത്രിയിലായി. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥിതി വഷളായി. ആഹാരം ചവച്ചിറക്കാൻ പറ്റുന്നില്ല, തല നിവർത്താനാവുന്നില്ല. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, മുഖം കോടിപ്പോകുന്നു... ഒരു രോഗി ഒരു വർഷംകൊണ്ടു മാത്രം എത്തുന്ന 'മയസ്തീനിയ ക്രൈസിസ്' എന്ന അവസ്ഥയിലേക്ക് വെറും രണ്ടാഴ്ച കൊണ്ട് അർച്ചനയെത്തി. ശ്വാസകോശം തകരാറിലായി.

ഒടുവിൽ, ഒരു ഡോസിന് ഏഴു ലക്ഷം രൂപ വരുന്ന കുത്തിവെപ്പ് എടുത്തു. ഒന്നോ രണ്ടോ ആഴ്ച മാത്രമേ ആ മരുന്നിന്റെ ഫലമുണ്ടാകൂ. സ്റ്റിറോയിഡിന്റെ തുടർച്ചയായ ഉപയോഗം കണ്ണിനെ ഗ്ലൂക്കോമയിലേക്കെത്തിച്ചു. മരുന്നിന്റെ ഡോസ് കുറച്ചതോടെ മയസ്തീനിയ അതിശക്തമായി തിരിച്ചെത്തി. വീണ്ടും മരണത്തിന്റെ വാതിലിൽ തൊട്ടുനിന്നു... എന്നാൽ, ആത്മവിശ്വാസത്തിലൂടെ, സ്‌നേഹത്തിലൂടെ അർച്ചന ജീവിതത്തിലേക്ക് തിരിച്ചെത്തി.

2022 മേയിൽ പിന്നെയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്. തൈമസ് ഗ്രന്ഥിയിൽ ട്യൂമർ. നെഞ്ചു തുറന്ന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. മയസ്തീനിയക്കാർക്ക് സർജറി പ്രശ്നമാണ്. അനസ്‌തേഷ്യ നൽകിയാൽ ബോധം തിരികെ വരുമോ എന്ന് ഉറപ്പില്ല. മൂന്നാം ദിവസം അർച്ചന കണ്ണുതുറന്നു. പക്ഷേ, അതാ വീണ്ടുമൊരു വളർച്ച കൂടി. അതോടെ റേഡിയേഷനൊപ്പം കീമോയും തുടങ്ങി. ഒരു ഗ്ലാസ് വെള്ളം പോലും ഇറക്കാനാകാത്ത സ്ഥിതി. സംസാരിച്ചിരിക്കുമ്പോൾ തന്നെ ഛർദിക്കുമായിരുന്നു. ഇതിലും ഭേദം മരണമാണെന്ന് അർച്ചനയ്ക്കും തോന്നിയ ദിവസങ്ങൾ. അവിടെ നിന്ന്‌ അർച്ചന ജീവിതത്തിലേക്ക് തിരികെയെത്താൻ തന്നെ തീരുമാനിച്ചു.

നവംബറിലാണ് ഭക്ഷണം ചവച്ചിറക്കാൻ തുടങ്ങിയത്. മൂന്നു വർഷവും ഭർത്താവ് സഞ്ജീവാണ് അർച്ചനയെ കുളിപ്പിച്ചിരുന്നതും ഭക്ഷണം കഴിപ്പിച്ചിരുന്നതുമെല്ലാം. ഒപ്പം അഞ്ചാം ക്ലാസുകാരി മകൾ അദ്വികയും. കുടുംബത്തിന്റെ സ്‌നേഹത്തണലാണ് അർച്ചനയുടെ കരുത്ത്.

ബെംഗളൂരുവിലെ ഗവേഷണ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സഞ്ജീവും ഐ.ടി. പ്രൊഫഷണലായ അർച്ചനയും ഇപ്പോൾ സ്ഥിരമായി വർക്ക് ഫ്രം ഹോമിലാണ്. ഇരുവരുടെയും കമ്പനികൾ സാഹചര്യമറിഞ്ഞ് നൽകിയ 'ഗിഫ്റ്റ്'. 'അർബുദ സാധ്യത ഇനിയുമുണ്ടോ എന്നറിയാനുള്ള പെറ്റ് സ്‌കാൻ വരും ദിവസങ്ങളിൽ ചെയ്യാനുണ്ട്' - ഒരിക്കലും കാണാനാവില്ലെന്നു കരുതിയിരുന്ന ഒരു പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ അർച്ചനയും കുടുംബവും പകരുന്നത് ആത്മവിശ്വാസത്തിലൂടെ ജീവിതത്തെ തിരികെ പിടിക്കുന്ന ഒരു സ്നേഹപ്രകാശമാണ്.

Content Highlights: kochi kakkanad archa myasthenia crisis overcome story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented