കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി മാർട്ടിൻ ജോസഫിൽ നിന്ന് യുവതി നേരിട്ടത് അതിക്രൂരമായ പീഡനങ്ങൾ. കഴിഞ്ഞ ഫെബ്രുവരി മുതൽ മാർച്ച് വരെ മാർട്ടിനിൽ നിന്നും നിരന്തരമായ ഉപദ്രവവും ലൈംഗികാതിക്രമവുമാണ് കണ്ണൂർ സ്വദേശിനിയായ യുവതി നേരിട്ടത്.

ശരീരത്തിൽ പൊള്ളലേൽപ്പിക്കുക, ബെൽറ്റ് കൊണ്ടടിക്കുക, കണ്ണിൽ മുളകുവെള്ളം ഒഴിക്കുക, ശരീരത്തിൽ ചൂടുവെള്ളം ഒഴിക്കുക, മൂത്രം കുടിപ്പിക്കുക തുടങ്ങിയ ക്രൂര പീഡനങ്ങളാണ് ദിവസങ്ങളോളം മാർട്ടിനിൽ നിന്ന് യുവതി നേരിട്ടിരുന്നത്. ശാരീരിക ഉപദ്രവത്തിനു പുറമെ അഞ്ച് ലക്ഷം രൂപയും യുവതിയിൽ നിന്ന് ഇയാൾ തട്ടിയെടുത്തിരുന്നു.

ക്രൂരപീഡനത്തിനിരയായ യുവതി എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് മാർട്ടിനുമായി പരിചയത്തിലാകുന്നത്. ഇവർ ഒരുമിച്ച് താമസിച്ചു വരുന്നതിനിടെ യുവതിയെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ച് മാർട്ടിൻ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെ അതിക്രൂരമായ പീഡനം യുവതി നേരിട്ടു.

ഫ്ളാറ്റിന് പുറത്തു പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താൽ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്നും മാർട്ടിൻ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ദിവസങ്ങളോളം പീഡനം സഹിച്ച യുവതി ഒടുവിൽ മാർട്ടിന്റെ കണ്ണുവെട്ടിച്ച് ഫ്ളാറ്റിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഏപ്രിൽ എട്ടിനാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

മാർട്ടിൻ തൃശ്ശൂരിൽ തന്നെയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച തൃശ്ശൂർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. മാർട്ടിനെ തൃശ്ശൂരിലേക്ക് രക്ഷപ്പെടാൻ സഹായിച്ച മൂന്ന് കൂട്ടാളികളെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാർട്ടിന്റെ ഒളിത്താവളത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പോലീസിന് ലഭിച്ചത്. തൃശ്ശൂർ മുണ്ടൂരിലെ വീടിനോട് ചേർന്ന ആളൊഴിഞ്ഞ ചതുപ്പ് പ്രദേശത്താണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിന് വലിയ വീഴ്ച സംഭവിച്ചതായി ആക്ഷേപമുണ്ടായിരുന്നു. ഏപ്രിലിൽ നടന്ന സംഭവത്തിൽ രണ്ട് മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിരുന്നില്ല. ഇതോടെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്.

കാക്കനാടുള്ള ജുവെൽസ് അപ്പാർട്ട്മെന്റിൽ നിന്നാണ് ജൂൺ എട്ടിനാണ് മാർട്ടിൻ രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെടെ ഇക്കാര്യം വ്യക്തമായിരുന്നു.കൊച്ചിയിൽ നിന്ന് തൃശൂരിലേക്ക് രക്ഷപ്പെടാൻ ഉപയോഗിച്ച ബിഎംഡബ്യു കാർ ഉൾപ്പെടെയുള്ള നാല് വാഹനങ്ങളും നേരത്തെ പോലീസ് പിടിച്ചെടുത്തിരുന്നു.

കേസിൽ എറണാകുളം അഡിഷണൽ സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ വെള്ളിയാഴ്ചയ്ക്കകം സർക്കാർ വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് മാർട്ടിൻ പോലീസിന്റെ പിടിയിലായത്.

പരാതിക്കാരിയായ യുവതിയുടെ സുഹൃത്തിനെതിരേ മോശമായി പെരുമാറിയതിനെ തുടർന്ന് മാർട്ടിനെതിരേയും സുഹൃത്ത് ധനേഷിനെതിരേയും മറ്റൊരു കേസും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

content highlights:kochi flat rape case, accuse arrested