ക്രിസ്ത്യൻ സർവീസ് സൊസൈറ്റി മഹാസംഗമം കൊച്ചി ബിഷപ്പ് ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മാതൃഭൂമി
കൊച്ചി: വിഴിഞ്ഞം വിഷയത്തിൽ വികസന വിരോധികളായും രാജ്യദ്രോഹികളായും വർഗീയവാദികളായും ചിത്രീകരിച്ച് സമുദായത്തെ ഒറ്റപ്പെടുത്തി ഇല്ലായ്മ ചെയ്യാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കൊച്ചി രൂപത ബിഷപ്പ് ഡോ. ജോസഫ് കരിയിൽ.
പറഞ്ഞവരിലേക്ക് തന്നെ ഇത്തരം തുല്യം ചാർത്തലുകൾ ബൂമറാങ്ങായി തിരിച്ചുവരുമെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണലിന്റെ (സി.എസ്.എസ്.) രജതജൂബിലിയും മഹാസംഗമവും ലത്തീൻ കത്തോലിക്കാ ദിനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്വര പരിഹാര നടപടികൾ ഉണ്ടാകണമെന്നാണ് തിരുവനന്തപുരത്തെ അതിരൂപതാ സമരസമിതി ആവശ്യപ്പെട്ടിട്ടുള്ളത്. വികസനം മനുഷ്യർക്ക് വേണ്ടിയാകണം. വിഴിഞ്ഞം പദ്ധതി വേണ്ടാ എന്ന നിലപാടില്ല. ഇച്ഛാശക്തിയോടെ ഇടപെട്ടാലേ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന് പിടിവാശിയില്ലെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. പദ്ധതി നിർത്തിവെയ്ക്കുന്നതിനോടേ വിയോജിപ്പുള്ളൂ. പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണം. യോജിപ്പോടെ പരസ്പര ബഹുമാനത്തോടെ ഒന്നിച്ചുപോകണമെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.
സി.എസ്.എസ്. ചെയർമാൻ പി.എ. ജോസഫ് സ്റ്റാൻലി അധ്യക്ഷത വഹിച്ചു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. എം.പി.മാരായ ഹൈബി ഈഡൻ, എ.എം. ആരിഫ്, ടി.ജെ. വിനോദ് എം.എൽ.എ., കൊച്ചി മേയർ എം. അനിൽകുമാർ, ബി.ജെ.പി. വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ തുടങ്ങിയവർ സംസാരിച്ചു.
ദേശസ്നേഹത്തെ കുറ്റം പറയുന്നവരെ തിരിച്ചറിയണം - ശശി തരൂർ എം.പി
2018-ൽ പ്രളയത്തിൽ ജീവൻ പണയംവെച്ച് ദുരിതത്തിൽപ്പെട്ടവരെ രക്ഷിക്കാനിറങ്ങിയവരാണ് മത്സ്യത്തൊഴിലാളികൾ. ഇതിൽ മഹാഭൂരിപക്ഷവും ലത്തീൻ സമുദായാംഗങ്ങളാണ്. ഇവരുടെ ദേശസ്നേഹത്തെ ആരാണ് കുറ്റം പറയാനുള്ളതെന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത ശശി തരൂർ എം.പി. ചോദിച്ചു. എല്ലാ കാലത്തും ദുരിതങ്ങൾ അനുഭവിക്കുന്ന ഇവർക്ക് സഹായങ്ങളൊന്നും ലഭിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ സമീപനം വേദനാജനകമെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തോടുള്ള സർക്കാരിന്റെ സമീപനം വേദനാജനകമാണെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. വരാപ്പുഴ അതിരൂപത അല്മായ കമ്മിഷന്റെയും രാഷ്ട്രീയകാര്യ സമിതിയുടെയും നേതൃത്വത്തിൽ നടക്കുന്ന ലത്തീൻ കത്തോലിക്ക ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ആമുഖപ്രസംഗം നടത്തി. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ. എബിൻ അറയ്ക്കൽ, ഫാ. ഫ്രാൻസിസ് സേവ്യർ, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, റോയ് പാളയത്തിൽ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: kochi cristian service society international bishop joseph kariyil p rajeev shashi tharoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..