നഗരാസൂത്രണ സമിതി ചെയർമാന് എതിരേയുള്ള അവിശ്വാസ പ്രമേയം വിജയിപ്പിച്ച സി.പി.എം. അംഗം എം.എച്ച്.എം. അഷറഫിനെ യു.ഡി.എഫ്. നേതാക്കൾ അനുമോദിക്കുന്നു
കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ നഗരാസൂത്രണ സ്ഥിരം സമിതി ഇടതുമുന്നണിക്ക് നഷ്ടമായി. സി.പി.എം. അംഗമായിരുന്ന എം.എച്ച്്.എം. അഷറഫ് കളംമാറി യു.ഡി.എഫിനെ പിന്തുണച്ചതോടെയാണ് സ്ഥിരം സമിതി കൈവിട്ടുപോയത്. സി.പി.എം. ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച അഷറഫിനെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത വന്നേക്കാമെങ്കിലും നടപടിക്രമങ്ങള്‍ നീണ്ടുപോകുമെന്നതിനാല്‍ അദ്ദേഹത്തെ തന്നെ സ്ഥിരം സമിതി ചെയര്മാന് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് യു.ഡി.എഫ്. ആലോചിച്ചിട്ടുള്ളത്. അഷറഫ് കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടാല്‍ അദ്ദേഹത്തിന്റെ 'നോമിനിക്ക്' സീറ്റ് നല്കി കൊച്ചങ്ങാടി ഡിവിഷനില്‍നിന്നു വിജയിപ്പിക്കാമെന്നും യു.ഡി.എഫ്. കരുതുന്നു.
ഇടതുമുന്നണിയെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം ജെ. സനല്മോനാണ് അവിശ്വാസത്തിലൂടെ നഗരാസൂത്രണ സമിതി ചെയര്മാന് സ്ഥാനം നഷ്ടമായത്. കമ്മിറ്റിയില്‍ ഭൂരിപക്ഷം ഇല്ലെന്ന് ഉറപ്പായതിനാല്‍ ഇടതുമുന്നണി അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്നു. അഞ്ച് വോട്ടിന് അവിശ്വാസം പാസായി. പുതിയ നഗരാസൂത്രണ സമിതി ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള തീയതി ജില്ലാ കളക്ടര്‍ ഉടന്‍ പ്രഖ്യാപിക്കും.
കൊച്ചി കോര്‍പ്പറേഷനില്‍ വരാന്‍ പോകുന്ന രണ്ട് ഉപ തിരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാകും. ഒരെണ്ണം സി.പി.എമ്മിന്റെയും ഒന്ന് ബി.ജെ.പി.യുടെയും സിറ്റിങ് സീറ്റുകളാണ്. രണ്ട് ഒഴിവുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഇടതുപക്ഷത്തിന് 36 അംഗങ്ങളും യു.ഡി.എഫിന് 32-ഉം ബി.ജെ.പി.ക്ക് നാലു പേരുമാണുള്ളത്.
ബി.ജെ.പി.ക്ക് നിലവിലുള്ള ടാക്സ് അപ്പീല്‍ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ എറണാകുളം സൗത്ത് ഡിവിഷനില്‍ നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തണം. ഗാന്ധിനഗര്‍ സീറ്റ് നിലനിര്‍ത്തിയാലേ ഇടതുപക്ഷത്തിന് ഭരണത്തില്‍ ഉറച്ചിരിക്കാന് സാധിക്കൂ. പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സ്ഥാനം മാത്രമാണ് ഇപ്പോള്‍ യു.ഡി.എഫിന് കോര്‍പ്പറേഷനില്‍ ഉള്ളത്. നഗരാസൂത്രണ സമിതി കൂടി പിടിക്കാനായാല്‍ ശക്തി വര്‍ധിക്കും. ധനകാര്യ സ്ഥിരം സമിതിയില്‍ ഇപ്പോള്‍ യു.ഡി.എഫിന് ഭൂരിപക്ഷം ഉണ്ടെങ്കിലും സി.പി.ഐ.യാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത്. മേയര്‍ സ്ഥാനം കൂടാതെ വികസനം, വിദ്യാഭ്യാസം എന്നീ സ്ഥിരം സമിതികളാണ് സി.പി.എമ്മിനുള്ളത്.
കൊച്ചിയില്‍ ഞാണിന്മേല്ക്കളി
അവിശ്വാസത്തിലൂടെ നഗരാസൂത്രണ സമിതി ഇടതുപക്ഷത്തിന് നഷ്ടമായതോടെ, കൊച്ചി കോര്പ്പറേഷന് ഭരണം പടിക്കാനും നിലനിര്‍ത്താനുമുള്ള ഞാണിന്മല്ക്കളി മുറുകി. അയോഗ്യനാവുമെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഇടതു കൗണ്‍സിലറായിരുന്ന എം.എച്ച്.എം. അഷറഫ് യു.ഡി.എഫിനൊപ്പം ചേര്‍ന്നത്. അതോടെ സി.പി.എമ്മിന് ഒന്നും ചെയ്യാനില്ലാതായി.
തദ്ദേശ തിരഞ്ഞെടുപ്പു സമയത്ത് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചപ്പോള്‍ത്തന്നെ അഷറഫ് ചാടിപ്പോയേക്കുമെന്ന് സി.പി.എമ്മിന് ആശങ്ക ഉണ്ടായിരുന്നു. അതുകൊണ്ടാണ്, ചാട്ടംതടയാന് പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെ മത്സരിപ്പച്ചത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിച്ചാല്‍ കൂറുമാറിയാല്‍ ആറുവര്‍ഷം വരെ അയോഗ്യനാക്കപ്പെടും.
എന്നാല്‍, അയോഗ്യനാവുന്നെങ്കില് ആവട്ടെ എന്നുറപ്പിച്ചാണ് അഷറഫ് കളം മാറിയിരിക്കുന്നത്. അയോഗ്യത അംഗീകരിച്ചു വരണമെങ്കില്‍ കാലതാമസം നേരിടും. തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടിക്കെതിരേ കോടതിയെയും സമീപിക്കാം. അന്തിമവിധി വരുമ്പോഴേക്കും കൗണ്‍സിലിന്റെ കാലാവധി കഴിയാറാവും. അതുവരെ നഗരാസൂത്രണ സമിതി ചെയര്‍മാനായി ഇരിക്കാനാവും.
അയോഗ്യത വന്നാല്‍ത്തന്നെ കൊച്ചങ്ങാടി ഡിവിഷനില്‍ നടക്കുന്ന ഉപ-തിരഞ്ഞെടുപ്പില്‍ അഷറഫിന്റെ ഭാര്യ, മുന്‍ കൗണ്‍സിലര്‍ സുനിത അഷറഫിനെ മത്സരിപ്പിക്കാമെന്ന ഉറപ്പും യു.ഡി.എഫ്. നല്‍കിയിട്ടുണ്ട്.
ഇടതു പാളയത്തില്‍നിന്ന് യു.ഡി.എഫ്. ആളെ ചാടിക്കുന്നതിന് മുമ്പുതന്നെ, എല്‍.ഡി.എഫ് അപ്പുറത്തുനിന്ന് ആളെ ഇങ്ങോട്ടു കൊണ്ടുവന്ന് അടിത്തറ ശക്തമാക്കാന്‍ ശ്രമിച്ചിരുന്നു. യു.ഡി.എഫില്‍ സി.എം.പി.യുടെ ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിച്ച കലിസ്റ്റ പ്രകാശിനെ സി.പി.എം. ഇടപെട്ട് നേരത്തെ തന്നെ ഇടതു ക്യാമ്പില്‍ എത്തിച്ചിട്ടുണ്ട്. ഇവരെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും നിയമനടപടിക്ക് ഒരുങ്ങുന്നുണ്ട്.
ഭരണം കയ്യാലപ്പുറത്തായതിനാല്, ഗിരിനഗറിലും എറണാകുളം സൗത്ത് ഡിവിഷനിലും വരാന്‍പോകുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ജീവന്മരണ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് മുന്നണികള്‍. രണ്ടു സീറ്റുകളും പിടിക്കാനായാല്‍ സ്വതന്ത്ര പിന്തുണയോടെ ഭരണം എങ്ങനെയും പിടിക്കാമെന്നാണ് യു.ഡി.എഫ്. കരുതുന്നത്. രണ്ട് ഡിവിഷനുകളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള കേസുകളിലും വിധി വരാനുണ്ട്. യു.ഡി.എഫ്. അതിലെല്ലാം പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.
എന്നാല്‍, വലിയ ഭൂരിപക്ഷമൊന്നുമില്ലാതെ ഇപ്പോഴുള്ളതു പോലെതന്നെ ഭരണം തുടരാന്‍ കഴിയുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. ശക്തമായ നിലപാടുകളൊന്നും സ്വീകരിക്കാന്‍ കഴിയില്ലെങ്കിലും എല്ലാവരേയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ഭരണം വട്ടമെത്തിക്കാന്‍ കഴിയുമെന്ന പ്രതീഷയിലാണ് ഇടതുപക്ഷം കരുക്കള്‍ നീക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..