പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
കൊച്ചി: കൊച്ചിയിലെ മാലിന്യം ശേഖരിക്കുന്നതിനായി സ്വകാര്യ കമ്പനികളുമായി രഹസ്യകരാറുകളും ഡീലുകളും മേയറുടെയും കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ നടന്നുകഴിഞ്ഞതായി മാലിന്യശേഖരണ തൊഴിലാളി ടി.യു.സി.ഐ. പ്രസിഡന്റ് ടി.സി. സുബ്രഹ്മണ്യന്‍. മാലിന്യം ശേഖരിക്കൽ സ്വകാര്യ കമ്പനികൾക്ക് കൈമാറി സ്വകാര്യ വത്കരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
'തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണമോ തൊഴിൽ സുരക്ഷയോ കോർപ്പറേഷൻ നൽകുന്നില്ല. മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്തിരുന്ന ആയിരത്തിലധികം തൊളിലാളികളുടെ മുഴുവന്‍ സേവന വേതന വ്യവസ്ഥകളും ഇല്ലാതാക്കിയാണ് കോർപ്പറേഷൻ നടപടി'- അദ്ദേഹം ആരോപിച്ചു. കോർപ്പറേഷന് മുന്നിൽ മാലിന്യശേഖരണ തൊഴിലാളികൾ ഏകദിന സത്യാഗ്രഹ സമരം നടത്തി
കൊച്ചിയിലെ വീടുകളിൽ നിന്ന് മാലിന്യ ശേഖരണത്തിനായി മൂന്ന് സ്വകാര്യ കമ്പനികൾക്ക് നൽകാൻ കോർപ്പറേഷൻ തീരുമാനമായി. 21 പോയിന്റുകളിൽ നിന്നായി മാലിന്യങ്ങൾ ശേഖരിക്കും. ഈ മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ല. എന്നാൽ ഇത് എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കോർപ്പറേഷൻ വ്യക്തമാക്കുന്നില്ല.
മാലിന്യ ശേഖരണത്തിന് കൊച്ചി കോർപ്പറേഷൻ ഇന്ന് മുതൽ ചുമതലപ്പെടുത്തിയിട്ടുള്ള സ്വകാര്യ ഏജൻസികളുടെ പ്രവർത്തന പാരമ്പര്യം, എവിടെയാണ് സംസ്കരിക്കുന്നത്, സ്വകാര്യ സംസ്കരണ ശാലകൾക്ക് അതിനുള്ള സംവിധാനങ്ങൾ ഉണ്ടോ എന്ന് മേയർ ഉറപ്പു വരുത്തിയിട്ടുണ്ടോയെന്നും ശുചീകരണ തൊഴിലാളികൾ ചോദിച്ചു. അതേസമയം, കഴിഞ്ഞ ഇരുപത്തിയഞ്ചുവര്‍ഷക്കാലമായി കൊച്ചി കോര്‍പ്പറേഷനിലെ എഴുപത്തിനാല് ഡിവിഷനുകളിലെയും മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്തിരുന്ന ആയിരത്തിലധികം തൊളിലാളികളുടെ മുഴുവന്‍ സേവന വേതന വ്യവസ്ഥകളും ഇല്ലാതാക്കിയിരിക്കുകയാണ്. ഇക്കാലങ്ങളിലൊന്നും ഒരു രൂപ പോലും തൊഴിലാളികള്‍ക്ക് കൊച്ചി കോര്‍പ്പറേഷന്‍ നല്‍കിയിരുന്നില്ല. എന്നാൽ ഇപ്പോൾ വീടുകളിൽ നിന്നും നൽകുന്ന 200 രൂപ പോലും കുറക്കുന്നതിനുള്ള നീക്കമാണ് കോർപ്പറേഷൻ നടത്തുന്നതെന്നും ഇവർ ആരോപിച്ചു.
'കൊച്ചി കോര്‍പ്പറേഷന്‍റെ അമ്പത്തിയാറോളം മാലിന്യം ശേഖരിക്കുന്ന ലോറികള്‍ തകരാറിലാക്കിയിരിക്കുകയാണ്. ചില കൗണ്‍സിലര്‍മാരുടെയും അവരുടെ ബിനാമികളുടെയും പേരിലുള്ള വാഹനങ്ങളാണ് ഇപ്പോള്‍ ബ്രഹ്മപുരം ട്രിപ്പുകള്‍ നടത്തുന്നത്. ഹോട്ടലുകളിൽ നിന്നും മറ്റുമുള്ള മാലിന്യങ്ങൾ ശേഖരിക്കുന്നത് സ്വകാര്യ കമ്പനിയാണ്. എന്നാൽ ഇവർക്ക് മാലിന്യം ശേഖരിച്ചുകൊണ്ടുപോകുന്നതിന് ഭീമമായ തുക നൽകേണ്ടി വരുന്നതോടെ ഹോട്ടലുകാർ ഭക്ഷണാവശിഷ്ടങ്ങൾ റോഡരുകിൽ തള്ളുകയാണ്. കൊച്ചിയിലെ നിരത്തുകളിൽ നിറയെ മാലിന്യം കുമിഞ്ഞു കൂടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണമോ തൊഴിൽ സുരക്ഷയോ കോർപ്പറേഷൻ നൽകുന്നില്ല. പുതിയതായി മാലിന്യ ശേഖരണത്തിനായി കരാർ തയാറാക്കിയപ്പോൾ അതിന്റെ മുകളിൽ ഒരു വാചകം ഉണ്ടായിരുന്നു, "കോർപറേഷൻ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ നിന്നും കോർപറേഷൻ നിർദ്ദേശിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന്" ഇപ്പോൾ വഴിയരികിൽ നിറയെ തള്ളിയിട്ടുള്ള മാലിന്യങ്ങൾ വൃത്തിയാക്കുകയാണ്. ഇതിന് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും തന്നെ നൽകുന്നില്ലായെന്നുള്ളതാണ് വാസ്തവം'- മാലിന്യശേഖരണ തൊഴിലാളിയൂണിയന്‍ സെക്രട്ടറി പി.എന്‍. ബാബു പറഞ്ഞു.
സ്ഥിരം തൊഴിലാളികൾ, താൽക്കാലിക ജീവനക്കാർ, വർഷങ്ങളായി ഈ മേഖലിയിൽ തൊഴിലെടുക്കുന്ന, എന്നാൽ തൊഴിലാളികളായി അംഗീകരിക്കപ്പെടാത്തവരുമായ ആയിരത്തിലധികം വരുന്ന മാലിന്യ ശേഖരണ തൊഴിലാളികളുണ്ട്. ഇവരുടെ തൊഴിൽ സംരക്ഷിക്കാൻ കൊച്ചി കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തൊളിലാളികളുടെ മുഴുവന്‍ സേവന വേതന വ്യവസ്ഥകളും ഇല്ലാതാക്കിയാണ് ഹരിതകര്‍മ്മസേന എന്നപുതിയ പേരിലേക്ക് മാറ്റിയിരിക്കുന്നതെന്നും ഇവർ ആരോപിച്ചു.
Content Highlights: kochi corporation waste collection issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..