നൂർജഹാനും മകൾ സാൽവയും, ഷിഹാബ്
മട്ടാഞ്ചേരി: 'പേടിച്ച് ചാടിയതാ. ഓട്ടോ നല്ല സ്പീഡിലായിരുന്നു. ജീവന് അപകടത്തിലാണെന്ന് മനസ്സിലായപ്പോഴാണ് ചാടിയത്...' മട്ടാഞ്ചേരി സ്വദേശിനി നൂര്ജഹാന് പറയുന്നു. കഴിഞ്ഞ ദിവസം ആത്മരക്ഷയ്ക്കായി ഓട്ടോയില്‍നിന്ന് ചാടിയ നൂര്‍ജഹാനും മകള്‍ സാല്വയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടവന്ത്രയില്‍നിന്ന് മോഷ്ടിച്ച് കൊണ്ടുവന്ന ഓട്ടോയിലാണ് ഇവര്‍ കയറിയത്. മട്ടാഞ്ചേരി മരക്കടവില്‍നിന്ന് ഓട്ടോയില്‍ കയറുമ്പോള്‍ കുഴപ്പമൊന്നുമില്ലായിരുന്നു. എന്നാല്‍, എവിടെയാണ് പോകേണ്ടതെന്ന് ചോദിക്കാതെ അയാള്‍ വണ്ടി വിട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ പിന്നില്‍ പോലീസ് വണ്ടി. പിന്നെ അയാള്‍ വണ്ടിയുമായി ഒരു പാച്ചിലായിരുന്നു. ഇടയ്ക്ക് ചില വാഹനങ്ങളില്‍ ഓട്ടോ തട്ടി. എന്നിട്ടും നിര്‍ത്തിയില്ല. പിന്നെ ഇടറോഡിലേക്ക് ഓടിച്ചു കയറ്റി. അപ്പോള്‍ പിന്നെ ചാടാന്തന്നെ തീരുമാനിച്ചു.
ആദ്യം മകളാണ് ചാടിയത്. കുറച്ച് നീങ്ങിയപ്പോള്‍ ഞാനും ചാടി. റോഡിലാണ് വീണത്. തല അടിച്ച് വീണു. തലയ്ക്ക് പരിക്കേറ്റു. എന്നിട്ടും നിര്‍ത്താതെ അയാള്‍ വണ്ടി ഓടിച്ചു പോയി. നാട്ടുകാരാണ് ഞങ്ങളെ ആശുപത്രിയിലെത്തിച്ചത്. പോലീസ് വണ്ടി പിന്നാലെ വരുന്നതു കണ്ടാണ് മോഷ്ടാവ് ഓട്ടോ വേഗത്തില്‍ ഓടിച്ചു പോയത്. നൂര്‍ജഹാനും മകള്‍ക്കും ഇക്കാര്യമറിയില്ലായിരുന്നു. ഏതെങ്കിലും വാഹനത്തില്‍ തട്ടിയതുകൊണ്ടാകും ഈ പാച്ചിലെന്നാണ് അവര്‍ കരുതിയത്. ഇവര്‍ ബഹളമുണ്ടാക്കിയപ്പോള്‍, എന്ത് പ്രശ്നമുണ്ടായാലും വണ്ടി നിര്‍ത്തില്ലെന്ന് മോഷ്ടാവ് പറഞ്ഞെന്നും നൂര്ജഹാന് പറയുന്നു. ഇരുവരും സുഖം പ്രാപിച്ചിട്ടുണ്ട്. നൂര്ജഹാന് തലയ്ക്ക് കാര്യമായ പരിക്കേറ്റിരുന്നു.
ഓട്ടോ മോഷ്ടിച്ചയാള്‍ പിടിയില്‍
മട്ടാഞ്ചേരി: കടവന്ത്രയില്‍നിന്ന് മോഷ്ടിച്ച ഓട്ടോയുമായി മട്ടാഞ്ചേരിയില്‍ കറങ്ങിയ ആളെ പിന്നീട് പോലീസ് പിടികൂടി. മട്ടാഞ്ചേരി മാളിയേക്കല്‍ പറമ്പില്‍ ഷിഹാബാണ് (25) പിടിയിലായത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയാണിതെന്ന് പോലീസ് പറഞ്ഞു. മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണര്‍ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ മട്ടാഞ്ചേരി പോലീസാണ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച ഓട്ടോയുമായി ഇയാള്‍ വരുന്നുണ്ടെന്ന് അറിഞ്ഞാണ് പോലീസ് ഇയാളെ പിന്തുടര്ന്നത്. എന്നാല്‍, ഇയാള്‍ ഓട്ടോയുമായി വെള്ളത്തൂവലിലേക്കാണ് പോയത്. അവിടെ നിന്ന് മടങ്ങുമ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്. കടവന്ത്രയിലെ കേസില്‍ അന്വേഷണം നടന്നുവരികയാണ്. തുടരന്വേഷണത്തിനായി ഇയാളെ മട്ടാഞ്ചേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..