കൊച്ചി: പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ കിലോമീറ്ററുകളോളം കാര്‍ ഓടിച്ചയാളെ അറസ്റ്റ് ചെയ്തു. ആലുവ ഡിവൈ.എസ്.പി. ഓഫീസിനു സമീപം പൈനാടത്ത് വീട്ടില്‍ നിര്‍മല്‍ ജോസി (27) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന കെ.എല്‍. 17 എല്‍ 202 എന്ന ഫോര്‍ഡ് എക്കോ സ്പോര്‍ട്ട് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ശ്വാസതടസ്സം മൂലം അത്യാസന്ന നിലയിലായ നവജാത ശിശുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിനു മുന്നില്‍ മാര്‍ഗ തടസ്സമുണ്ടാക്കിയതിന് കാര്‍ ഡ്രൈവര്‍ക്കെതിരേ എടത്തല പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. പെരുമ്പാവൂരില്‍നിന്ന് പുറപ്പെട്ട ആംബുലന്‍സില്‍ കുഞ്ഞിന്റെ അമ്മയും നഴ്സും ഒപ്പമുണ്ടായിരുന്നു.

സാധാരണ 15 മിനിറ്റു കൊണ്ട് കളമശ്ശേരിയിലെത്തേണ്ട ആംബുലന്‍സ് മുന്നില്‍പ്പോയ വാഹനം തടസ്സമുണ്ടാക്കിയതിനെത്തുടര്‍ന്ന് 35 മിനിറ്റു കൊണ്ടാണ് ആശുപത്രിയിലെത്തിയത്. ആംബുലന്‍സിനു മുന്നില്‍ വഴി കൊടുക്കാതെ പോയ വാഹനത്തിന്റെ ദൃശ്യങ്ങളും ആംബുലന്‍സിന്റെ ഡ്രൈവര്‍ മധു പോലീസിന് കൈമാറിയിരുന്നു. Ambulance

രാജഗിരി ആശുപത്രിക്കു മുന്നില്‍നിന്ന് കൊച്ചിന്‍ ബാങ്ക് വരെ കിലോമീറ്ററുകളോളം ദൂരം ആംബുലന്‍സിന് തടസ്സം സൃഷ്ടിച്ച് കാര്‍ ഓടിച്ചതായാണ് ആംബുലന്‍സ് ഡ്രൈവര്‍ പരാതിപ്പെട്ടത്. കൊച്ചിന്‍ ബാങ്കില്‍നിന്ന് എന്‍.എ.ഡി. റോഡിലേക്ക് ആംബുലന്‍സ് തിരിഞ്ഞതോടെയാണ് കാറിന്റെ ശല്യം ഒഴിവായത്.

ആംബുലന്‍സിന് വഴി നല്‍കാതെ മുന്നില്‍ ചീറിപ്പാഞ്ഞു പോകുന്ന കാറിന്റെ ദൃശ്യം ആംബുലന്‍സിലിരുന്നയാളാണ് മൊബൈലില്‍ പകര്‍ത്തിയത്. ഇതോടൊപ്പം ആംബുലന്‍സ് ഡ്രൈവര്‍ മധുവിന്റെ വിശദീകരണവും സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി. ഇതു കണ്ട ആലുവ ഡിവൈ.എസ്.പി. കെ.ബി. പ്രഫുലചന്ദ്രനാണ് എടത്തല പോലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ സംഭവത്തിലെ പ്രതി നിര്‍മല്‍ ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അതേസമയം കാര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് എടത്തല എസ്.ഐ. പി.ജെ. നോബിള്‍ പറഞ്ഞു.

ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം 

ആലുവ: ആംബുലന്‍സിനു മുന്‍പില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ആലുവ ജോയിന്റ് ആര്‍.ടി.ഒ. സി.എസ്. അയ്യപ്പന്‍ പറഞ്ഞു. വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

റോഡില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ആംബുലന്‍സിന് വഴി കൊടുക്കാതെ നിയമലംഘനം നടത്തിയതിനും മോട്ടോര്‍ വാഹന വകുപ്പ് പ്രകാരം വാഹനത്തിന്റെ രജിസ്ട്രേഡ് ഉടമയ്ക്കെതിരേ കേസെടുത്തിട്ടുമുണ്ട്. വാഹന ഉടമയുടെ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും നടപടിയുണ്ടാകുകയെന്ന് ജോയിന്റ് ആര്‍.ടി.ഒ. പറഞ്ഞു.