കെ.എൻ.എ. ഖാദർ | ഫയൽചിത്രം| ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ|മാതൃഭൂമി
മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് കൂടുതൽ സീറ്റുകൾ വേണമെന്നും ലീഗിന് അതിനുള്ള അർഹതയുണ്ടെന്നും കെ.എൻ.എ. ഖാദർ എം.എൽ.എ. ഇത്തവണ യു.ഡി.എഫിന് വളരേയേറെ സാധ്യതയുള്ള തിരഞ്ഞെടുപ്പാണ്, യു.ഡി.എഫ്. മികച്ചവിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ മത്സരിക്കാനിറങ്ങുമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നും ഇല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വേങ്ങരയിൽനിന്ന് മാറിനിൽക്കാൻ തയ്യാറാണോ, മറ്റേതെങ്കിലും മണ്ഡലം ആവശ്യപ്പെടുമോ എന്ന ചോദ്യങ്ങൾക്ക് ആർക്കും സ്ഥിരമായി ഒരു സീറ്റ് ഇല്ലല്ലോയെന്നും പാർട്ടിയുടെ തീരുമാനമാണ് അന്തിമമെന്നും പാർട്ടി പറയുന്നതനുസരിച്ച് പ്രവർത്തിക്കുമെന്നും കെ.എൻ.എ. ഖാദർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിൽ തിരിച്ചുവരുന്നത് ഏറെ ഗുണംചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളെ സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. 'വനിതാ സ്ഥാനാർഥിയെ മത്സരിപ്പിക്കുക എന്നത് പരിഗണനയിലുള്ള വിഷയമാണ്. ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. ഇത്തവണ ലീഗിന് വനിതാ സ്ഥാനാർഥികളുണ്ടാകാൻ സാധ്യത കൂടുതലാണ്. മിക്കവാറും കോഴിക്കോട് ജില്ലയിലാകും വനിതാ സ്ഥാനാർഥിയുണ്ടാവുക. സംസ്ഥാന നേതൃത്വത്തിലുള്ള മുതിർന്ന വനിതാ നേതാക്കളെ തന്നെ മത്സരിപ്പിക്കാനാണ് സാധ്യത. ചെറുപ്പക്കാർക്ക് ഇനിയും സമയമുണ്ടല്ലോ- കെ.എൻ.എ. ഖാദർ വിശദീകരിച്ചു.
മുസ്ലീം ലീഗിന് കൂടുതൽ സീറ്റുകൾ വേണമെന്നാണ് അഭിപ്രായം. അതിന് ലീഗിന് അർഹതയുണ്ട്. ഒരുപാട് സീറ്റുകളിൽ മത്സരിച്ച് തോൽക്കുന്നശീലം ലീഗിനില്ല. പരമാവധി സീറ്റുകൾ വേണ്ടതാണ്. നേരത്തെ തിരുവനന്തപുരത്ത് അടക്കം ലീഗിന് കൂടുതൽ സീറ്റുകൾ ലഭിച്ചിരുന്നതാണ്. ഇത്തവണ ലീഗിൽ കുടൂതൽ യുവാക്കൾ മത്സരരംഗത്തുണ്ടാകും. സീറ്റുകൾ പരസ്പരം വെച്ചുമാറുകയാണെങ്കിൽ ഇരുകക്ഷികളുടെയും സമ്മതത്തോടെ മാത്രമേ നടക്കുകയുള്ളൂ. ആരുടെയും സീറ്റുകൾ പിടിച്ചുവാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പരിഗണിച്ച് നിയമസഭ തിരഞ്ഞെടുപ്പിനെ വിലയിരുത്താനാകില്ല. രണ്ട് തിരഞ്ഞെടുപ്പിലും വോട്ടിങ് പാറ്റേൺ വ്യത്യസ്തമാണ്. ഡൽഹിയിലേക്ക് ആരാണ് നല്ലതെന്നും തിരുവനന്തപുരത്തേക്ക് ആരാണ് നല്ലതെന്നും ആളുകൾക്ക് വ്യക്തമായ ധാരണയുണ്ട്. യുഡിഎഫ് തിരികെവരുമെന്നാണ് കരുതുന്നത്.
ജനങ്ങൾക്ക് കിറ്റ് നൽകിയതാണ് ഇടതുമുന്നണി ഉയർത്തിക്കാട്ടുന്നത്. അത് സർക്കാരിന്റെ പണം കൊണ്ട് നൽകിയതാണ്. ഏത് സർക്കാരാണെങ്കിലും അത് ചെയ്തിട്ടുണ്ടാകും. കോവിഡും പ്രളയം വന്നാൽ ഒരു സർക്കാർ എങ്ങനെ നേരിടുമെന്ന പരീക്ഷണമാണ് ഇവിടെ നടന്നത്. അതിൽ ഇടതു സർക്കാർ നേരിട്ട രീതി മാത്രമേ നമ്മുടെ മുന്നിലുള്ളു. യു.ഡി.എഫ്. സർക്കാരാണെങ്കിൽ ഇതെല്ലാം എങ്ങനെ നേരിടുമെന്ന ഒരു സങ്കല്പം മാത്രമേയുള്ളൂ. അതിനാൽ ഇക്കാര്യത്തിൽ ഒരു താരതമ്യത്തിന് അവസരമില്ല. ഏത് സർക്കാരാണെങ്കിലും ചെയ്യേണ്ട കാര്യങ്ങളാണ് ഈ സന്ദർഭങ്ങളിൽ ഇടതുസർക്കാർ ചെയ്തതെന്നും കെ.എൻ.എ. ഖാദർ പറഞ്ഞു.
Content Highlights:kna khader mla talks about upcoming assembly election
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..