ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചത് ഭാവികേരളത്തിന് വേണ്ടിയുള്ള പദ്ധതികളും ആശയങ്ങളും- കെ.എന്‍. ബാലഗോപാല്‍ 


കെ.എൻ. ബാലഗോപാൽ | Photo: Mathrubhumi

തിരുവനന്തപുരം: ഭാവികേരളത്തിനു വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കാല്‍ നൂറ്റാണ്ടിനുള്ളില്‍ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് എല്‍.ഡി.എഫ്. സര്‍ക്കാരിനുള്ളത്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബജറ്റ് തയ്യാറാക്കപ്പെട്ടതെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക്‌ കുറിപ്പില്‍ പറഞ്ഞു.

സെസും സര്‍ചാര്‍ജും പിരിക്കുന്നത് ഇടതുനയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. പെട്രോളിയം ഉത്പന്നങ്ങള്‍ക്കുമേല്‍ കേന്ദ്രം ചുമത്തുന്ന സെസുകള്‍ക്കും സര്‍ചാര്‍ജുകള്‍ക്കും ഇപ്പോഴും ഇടതുപക്ഷം എതിരുതന്നെയാണ്. ആ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും ബാലഗോപാല്‍ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

"കാരണം പെട്രോളും ഡീസലും സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉത്പന്നങ്ങളാണ്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറി നികുതിക്ക് മേല്‍ നികുതി എന്ന പേരില്‍ സംസ്ഥാനങ്ങളുമായി വീതം വെക്കേണ്ടതില്ലാത്ത സെസുകളും സര്‍ചാര്‍ജുകളും ചുമത്തുന്നതില്‍ യാതൊരു ന്യായവുമില്ല. ഒരു ലിറ്റര്‍ പെട്രോളിന്മേല്‍ കേന്ദ്രം ചുമത്തുന്ന സെസ് 20 രൂപയോളമാണ്. വിലവര്‍ധനയുടെ യഥാര്‍ത്ഥ കാരണമിതാണ്. സംസ്ഥാന വില്‍പ്പന നികുതിയുടെ പരിധിയില്‍ വരുന്ന ഒരു ഉത്പന്നത്തിന്മേല്‍ കടന്നു കയറി സര്‍ചാര്‍ജും സെസും ചുമത്തുന്ന കേന്ദ്രത്തിന്റെ നടപടി തന്നെ തെറ്റാണ്. അതാണ് പിന്‍വലിക്കേണ്ടത്"- മന്ത്രി പറഞ്ഞു.

കെ.എന്‍. ബാലഗോപാലിന്റെ ഫേയ്‌സ്ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണരൂപം

2023-24 ലേക്കുള്ള സംസ്ഥാന ബജറ്റ് ഇന്നലെ അവതരിപ്പിക്കുകയുണ്ടായി. ഭാവി കേരളത്തിനു വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്.

അറിവിനെ ഉത്പാദനമൂല്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുതകുന്ന വിധത്തില്‍ വിജ്ഞാന സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കുക എന്നതായിരുന്നു കഴിഞ്ഞ ബജറ്റിന്റെ ഫോക്കസെങ്കില്‍ വ്യാവസായിക വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിച്ച് സംസ്ഥാനത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നതിലായിരുന്നു ഇത്തവണത്തെ ബജറ്റിന്റെ ഊന്നല്‍. മേക് ഇന്‍ കേരള പദ്ധതിയിലൂടെ തദ്ദേശീയമായ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും വിഴിഞ്ഞം തുറമുഖത്തെ കേരളത്തിന്റെ ഭാവി വികസനത്തിന്റെ കവാടമായി മാറ്റുകയും ചെയ്യുക എന്നതുള്‍പ്പെടെ കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ പല പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നു. വടക്ക് -തെക്ക് ജലപാത, സംസ്ഥാനമാകെ വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍, ഐടി രംഗത്തെ അടിസ്ഥാന സൗകര്യ വികസനം, ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ് ഉള്‍പ്പെടെ പാരമ്പര്യേതര ഊര്‍ജ്ജോല്‍പാദനം മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി നിരവധി പദ്ധതികളാണ് അവതരിപ്പിക്കപ്പെട്ടത്.

കാല്‍ നൂറ്റാണ്ടിനുള്ളില്‍ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബജറ്റ് തയ്യാറാക്കപ്പെട്ടതും.

എന്നാല്‍ ബജറ്റിന്റെ ഭാഗമായി അവതരിപ്പിച്ച നികുതി നിര്‍ദേശങ്ങളില്‍ മദ്യത്തിന് ചെറിയതോതില്‍ വില വര്‍ദ്ധിപ്പിക്കാനും പെട്രോളിനും ഡീസലിനും മേല്‍ രണ്ട് രൂപ രണ്ടു രൂപ സെസ് ചുമത്തി സാമൂഹ്യ സുരക്ഷ സീഡ് ഫണ്ടിലേക്ക് വകയിരുത്താനുമുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു. അതിനെ പര്‍വതീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളും അവലോകനങ്ങളും പൊതുവെ കാണുന്നുണ്ട്. വിശദമായി തന്നെ വിഷയം പറയാം.

സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ വലിയ കുറവാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. കേരളത്തിന് നല്‍കേണ്ട അര്‍ഹമായ വിഹിതത്തില്‍ ഏകദേശം 24000 കോടി രൂപയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്. കോവിഡിന്റെ പ്രതിസന്ധികളില്‍നിന്ന് സംസ്ഥാന സമ്പദ് വ്യവസ്ഥ കരകയറി വന്നപ്പോഴാണ് അങ്ങേയറ്റം പ്രതിലോമകരമായ ഈ സമീപനം കേന്ദ്രം സ്വീകരിച്ചത്. ഇത് സംസ്ഥാനത്ത് ധനഞെരുക്കം ഉണ്ടാക്കി എന്നത് യാഥാര്‍ത്ഥ്യമാണ്. അടുത്ത വര്‍ഷവും സ്ഥിതി ഇതുതന്നെ ആകാനാണ് സാധ്യത. പലതവണ മാധ്യമങ്ങളോടും ജനങ്ങളോടും ഈ വസ്തുത തുറന്നു പറഞ്ഞിട്ടുള്ളതാണ്.

ബുദ്ധിമുട്ടുകളുണ്ടെങ്കിലും അതൊന്നും നമ്മുടെ നാട്ടിലെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഒരു വര്‍ഷം വേണ്ടത് 70000 ഓളം കോടി രൂപയാണ്. ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ 11000 കോടി വേണം. വിവിധ ക്ഷേമ പദ്ധതികള്‍ക്കും വികസന പദ്ധതികള്‍ക്കും അനേകം കോടികള്‍ വേറെയും വേണം. ഇതുകൂടാതെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആശുപത്രികളിലും വിദ്യാലയങ്ങളിലും ഉണ്ടാകുന്ന മാറ്റം ഏവര്‍ക്കും അറിയുന്നതാണ്. വന്‍കിട പദ്ധതികളും റോഡ് വികസനവും എല്ലാം അനുസ്യൂതമായി നടന്നുവരികയാണ്. ഒന്നിനും സര്‍ക്കാര്‍ യാതൊരു മുടക്കവും വരുത്തിയിട്ടില്ല.

എന്നാല്‍ ഒരു വശത്ത് വരുമാനത്തില്‍ വലിയ ഇടിവുണ്ടാവുകയും മറുവശത്ത് സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിഭവസമാഹരണം നടത്തേണ്ടത് അനിവാര്യമാകുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്നെ പരമാവധി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ഒരു വശത്ത് നടത്തി വരുന്നുണ്ട്. ജിഎസ്ടി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വകുപ്പ് പുനഃസംഘടിപ്പിച്ചു. അതുള്‍പ്പെടെ വരുമാനം ലഭിക്കുന്ന മറ്റെല്ലാ സംവിധാനങ്ങളെയും കാര്യക്ഷമമാക്കുന്നു. ഇതിന്റെയെല്ലാം ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ തനിതു വരുമാനത്തില്‍ കഴിഞ്ഞവര്‍ഷം 13000 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടായത്. ഈ വര്‍ഷം 13000 കോടിയിലധികം രൂപയുടെ കൂടി വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2016-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ കേരളത്തിലെ ക്ഷേമപെന്‍ഷന്‍ 600 രൂപയായിരുന്നു. 33 ലക്ഷം ആളുകള്‍ക്ക് മാത്രമാണ് അത് നല്‍കിവന്നിരുന്നത്. എന്നാല്‍ ഇന്ന് മാസംതോറും 1600 രൂപ വീതം 63 ലക്ഷം ജനങ്ങള്‍ക്ക് നല്‍കുകയാണ്. ഇതില്‍ 50.66 ലക്ഷം പേര്‍ക്ക് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ എന്ന നിലയിലും 6.73 ലക്ഷം പേര്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ എന്ന നിലയിലും സര്‍ക്കാര്‍ നല്‍കുകയാണ്. വരുമാനമുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ 4.28 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കിവരുന്നു. അതായത് 57 ലക്ഷത്തിലധികം ആളുകള്‍ക്ക് സര്‍ക്കാര്‍ നേരിട്ടാണ് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രതിമാസം 200 കോടി രൂപയായിരുന്നു സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിവരുന്ന ചെലവ് എങ്കില്‍ ഇന്നത് 950 കോടി രൂപയാണ്.

വരവും ചെലവും തമ്മിലുള്ള അനുപാതത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വിടവ് നികത്താന്‍ കൂടുതല്‍ കടമെടുത്തു കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലും കേന്ദ്രം നിയന്ത്രണം വരുത്തിയിരിക്കുന്നു. ബജറ്റിനു പുറത്തുനിന്ന് ധനം സമാഹരിച്ച് പ്രവര്‍ത്തിക്കുന്ന കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവയുടെ ബാധ്യതയും സംസ്ഥാനത്തിന്റെ പൊതു കടമായി കേന്ദ്രം പരിഗണിക്കുന്നു. അങ്ങനെയും നമ്മുടെ വിഭവ സമാഹരണത്തില്‍ ശോഷണം സംഭവിക്കുന്നു. ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേദിവസം സംസ്ഥാനത്തിന്റെ അര്‍ഹമായ കടമെടുപ്പ് തുകയില്‍ 2700 കോടി കൂടി വെട്ടിക്കുറച്ചു.

സമാനതകളില്ലാത്ത ഈ പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ചെറിയ രീതിയില്‍ എങ്കിലും ചില മേഖലകളില്‍ നികുതി വര്‍ദ്ധിപ്പിക്കാനും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേല്‍ സെസ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചത്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ഒന്നും ഒരു കാരണവശാലും തടസ്സപ്പെടാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നയം. ആ ഉദ്ദേശം കൊണ്ടു കൂടിയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനായി ഒരു സീഡ് ഫണ്ട് രൂപീകരിച്ച് അതിലേക്ക് ഇന്ധന സെസ് വകയിരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ജി.എസ്.ടി. നടപ്പിലായതോടുകൂടി സംസ്ഥാനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മേല്‍ നികുതി ചുമത്താനുള്ള അധികാരം നഷ്ടപ്പെട്ടു. പെട്രോള്‍,ഡീസല്‍, മദ്യം എന്നിവയില്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് നികുതി ചുമത്താന്‍ അധികാരം ഉള്ളത്.

സെസും സര്‍ചാര്‍ജും പിരിക്കുന്നത് ഇടതുനയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ കേന്ദ്രം ചുമത്തുന്ന സെസുകള്‍ക്കും സര്‍ചാര്‍ജുകള്‍ക്കും ഇപ്പോഴും ഇടതുപക്ഷം എതിരുതന്നെയാണ്. ആ നിലപാടില്‍ യാതൊരു മാറ്റവുമില്ല. കാരണം പെട്രോളും ഡീസലും സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉത്പന്നങ്ങളാണ്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറി നികുതിക്ക് മേല്‍ നികുതി എന്ന പേരില്‍ സംസ്ഥാനങ്ങളുമായി വീതം വെക്കേണ്ടതില്ലാത്ത സെസുകളും സര്‍ചാര്‍ജുകളും ചുമത്തുന്നതില്‍ യാതൊരു ന്യായവുമില്ല. ഒരു ലിറ്റര്‍ പെട്രോളിന്മേല്‍ കേന്ദ്രം ചുമത്തുന്ന സെസ് 20 രൂപയോളമാണ്. വിലവര്‍ധനയുടെ യഥാര്‍ത്ഥ കാരണമിതാണ്. സംസ്ഥാന വില്‍പ്പന നികുതിയുടെ പരിധിയില്‍ വരുന്ന ഒരു ഉല്‍പ്പന്നത്തിന്മേല്‍ കടന്നു കയറി സര്‍ചാര്‍ജും സെസും ചുമത്തുന്ന കേന്ദ്രത്തിന്റെ നടപടി തന്നെ തെറ്റാണ്. അതാണ് പിന്‍വലിക്കേണ്ടത്.

സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങള്‍ അങ്ങേയറ്റം പരിമിതമായ സാഹചര്യവും സംസ്ഥാന വിഹിതം വെട്ടി കുറയ്ക്കുന്ന കേന്ദ്രത്തിന്റെ സമീപനവും ചേര്‍ന്നു സൃഷ്ടിച്ച ധനഞെരുക്കത്തെത്തുടര്‍ന്ന് സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ച നടപടിയുടെ പശ്ചാത്തലം ജനങ്ങള്‍ക്ക് ബോധ്യപ്പെടുക തന്നെ ചെയ്യും എന്നുറപ്പുണ്ട്. കൂടുതല്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി എല്‍.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ടു പോകും. അതിനുള്ള സമീപന രേഖയാണ് ഈ ബജറ്റ്.

Content Highlights: kn balagopal on kerala budget 2023

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023

Most Commented