തിരുവനന്തപുരം:  സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ ഡോസുകള്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നടപടികള്‍ തുടങ്ങി. ഇതിനായി വാക്സിന്‍ സ്പോണ്‍സര്‍ ചെയ്യുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.  ഇതുവഴി വാക്സിന്‍ ലഭിക്കാത്ത കൂടുതല്‍ പേര്‍ക്ക് സ്വകാര്യ ആശുപത്രി വഴി സൗജന്യമായി വാക്സിന്‍ ലഭിക്കാന്‍ വഴിയൊരുക്കുകയാണ് ചെയ്യുന്നത്.

സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുഖേന സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 10 ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ സംഭരിച്ചിരുന്നു. ഇവ ആശുപത്രികള്‍ക്ക് വിതരണവും ചെയ്തിരുന്നു. ഇവ വിലയീടാക്കി ജനങ്ങള്‍ക്ക് നല്‍കി ആ തുക ആശുപത്രികള്‍ തിരികെ അടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനായി പണം അനുവദിച്ചിരുന്നു.

സ്വകാര്യ ആശുപത്രികളില്‍ വാക്സിന് 750 മുതല്‍ 800 രൂപ വരെയാണ് ഈടാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനം വഴി പൂര്‍ണമായും സൗജന്യമായി വാക്സിന്‍ ലഭിക്കുമെന്നതിനാല്‍ അത്രയും പണം മുടക്കി വാക്സിന്‍ സ്വീകരിക്കുന്നതില്‍ ആളുകള്‍ വിമുഖത കാണിക്കുന്നതാണ് സ്വകാര്യ ആശുപത്രികളെ കുഴക്കുന്നത്. 

കുറച്ച് ആളുകള്‍ മാത്രമാണ് സ്വകാര്യ ആശുപത്രികളില്‍ നിന്ന് പണം കൊടുത്ത് വാക്സിന്‍ സ്വീകരിക്കുന്നത്. ഇത് വാക്സിന്‍ നഷ്ടത്തിന് കാരണമാകുന്നുണ്ട്. ഒരു വാക്സിന്‍ വയലില്‍ 10 ഡോസ് ആണുള്ളത്. 10 പേര്‍ ഒരുമിച്ച് ഉണ്ടെങ്കില്‍ മാത്രമെ ഒരു വയല്‍ പൊട്ടിക്കാന്‍ സാധിക്കു. അതിനാല്‍ തന്നെ ആളുകള്‍ കുറവാണെങ്കില്‍ ഇവരെ പിന്നീടുള്ള ദിവസത്തേക്ക് വരാന്‍ പറഞ്ഞ് മടക്കി അയക്കുകയാണ് പല സ്വകാര്യ ആശുപത്രികളും ചെയ്യുന്നത്.

ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കിയ 10 ലക്ഷം ഡോസുകളില്‍ അധികവും ഉപയോഗിക്കാനാവാതെ കിടക്കുകയാണ്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടാണ് വാക്സിന്‍ സ്പോണ്‍സര്‍ ചെയ്യുന്ന പരിപാടി തുടങ്ങാന്‍ ആലോചിക്കുന്നത്. ഇതിനായി വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഇതിന്റെ ഭാഗമാകാം.

സ്പോണ്‍സര്‍മാരെ നിശ്ചയിക്കുന്നതിനുള്ള ചുമതല ആതാത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാകും. ഡോസൊന്നിന് 782 രൂപ നിരക്കില്‍ ഒരു സ്പോണ്‍സറിന് നല്‍കും. കുറഞ്ഞത് 50 ഡോസുകളെങ്കിലും സ്പോണ്‍സര്‍ ചെയ്യണം. വാക്സിന്‍ വിതരണം നടക്കുക ആശുപത്രികളുടെ മേല്‍നോട്ടത്തിലാകും. വാക്സിന്‍ നല്‍കേണ്ടവരെ കണ്ടെത്തേണ്ട ചുമതലയും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഇതിനായി സാമൂഹ്യ- സാമ്പത്തിക സൂചികകളില്‍ താഴേക്കിടയില്‍ നില്‍ക്കുന്നവര്‍, അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാകും ഇതില്‍ മുന്‍ഗണന ലഭിക്കുക.

വാക്സിന്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ അതിനാവശ്യമായ തുക കെ.എം.സി.എല്ലില്‍ കെട്ടിവെച്ച് അപേക്ഷ നല്‍കണം. ഇതിനൊപ്പം ഏത് പ്രദേശത്താണ് വാക്സിന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്നും വ്യക്തമാക്കണം. തുടര്‍ന്ന് ഇതിനാവശ്യമായ നിര്‍ദ്ദേശം കെസിഎംഎല്‍ ആ പ്രദേശത്തിനടുത്തുള്ള വാക്സിന്‍ സ്റ്റോക്കുള്ള സ്വകാര്യ ആശുപത്രിക്ക് നല്‍കും. സ്പോണ്‍സര്‍ നിര്‍ദ്ദേശിച്ച സ്ഥലത്തുനിന്ന് വാക്സിന്‍ നല്‍കേണ്ടവരെ ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് കണ്ടെത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.