കോഴിക്കോട്: അഴീക്കോട് മുന്‍ എംഎല്‍എ കെഎം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. മുന്‍പ് നല്‍കിയ കണക്കുകളിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് കെഎം ഷാജിക്ക് വിജിലന്‍സ് നോട്ടീസ് നല്‍കി. 

രണ്ട് ദിവസത്തിനുള്ളില്‍ ഷാജിയുടെ കണ്ണൂരിലുള്ള വീട് വിജിലന്‍സ് അളന്നുപരിശോധിക്കും. കഴിഞ്ഞ ദിവസം ഷാജിയുടെ കോഴിക്കോട് മാവൂരിലുള്ള വീട്ടില്‍ പരിശോധന നടത്തിയിരുന്നു. 

ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പിനായി പണം പിരിച്ച രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. 

മണ്ഡലം കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചതെന്നാണ് കെ എം ഷാജി മൊഴി നല്‍കിയിരുന്നത്. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ചെലവിലേക്കായി പിരിച്ചെടുത്ത തുകയാണ് തന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടികൂടിയ 47 ലക്ഷം രൂപയെന്നാണ് കെ എം ഷാജി പറഞ്ഞിരുന്നത്.

ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. നവംബറില്‍ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തിയിരുന്നു. തുടര്‍ന്നാണ് ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തത്. നേരത്തേയും ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.