കോഴിക്കോട്: മുസ്ലിം ലീഗിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ രംഗത്തെത്തിയെന്ന പ്രചാരണങ്ങളില്‍ വിശദീകരണവുമായി കെ.എം.ഷാജി. ലീഗില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ അലോസരപ്പെടുന്നവര്‍ ആ ജോലി തുടരുക. ഇന്നത്തെ എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അത്തരക്കാരാണെന്നും ഷാജി പറഞ്ഞു.

പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും കാണിച്ച ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ ഫലമാണ് ഇന്നലെ മുസ്ലിം ലീഗെടുത്ത തീരുമാനങ്ങള്‍. അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കില്‍ പറയേണ്ടത് പറയേണ്ടത് പോലെ പറയാന്‍ വേണ്ടുവോളം ഇടമുള്ള പാര്‍ട്ടിയാണ് ലീഗ്.

അതു പറയാന്‍ ഇന്നുവരെ മടി കാണിച്ചിട്ടുമില്ല. അതിന് ആരുടെയും ഉപദേശവും ആവശ്യമില്ലെന്നും ഷാജി ഫെയ്‌സ്ബുക്കില്‍ തന്നെ വ്യക്തമാക്കി.

ഞങ്ങളൊക്കെ ലീഗിനെ നെഞ്ചേറ്റിയവരാണ്. ലാഭനഷ്ടങ്ങളുടെ തരാതരം നോക്കി പ്രസ്ഥാനത്തെ വഴിയിലുപേക്ഷിച്ചു പോയവരുടെ കൂട്ടത്തില്‍ ഞങ്ങള്‍ ഉണ്ടാവില്ല.. ഇവിടെയുണ്ടാവും തോളോട് തോള്‍ ചേര്‍ന്ന് ഒത്തൊരുമിച്ച് ഒരു മനവും ഒരുമെയ്യുമായെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.