മലപ്പുറം: മുസ്ലീം ലീഗിനുള്ളിലെ തര്‍ക്കത്തില്‍ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി ലീഗ് നേതാവ് കെഎം ഷാജി. എതിരഭിപ്രായം പറയുന്നവരോട് പാര്‍ട്ടിക്ക് പകയില്ലെന്നും വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഷാജി വ്യക്തമാക്കി. ലീഗില്‍ തര്‍ക്കം രൂക്ഷമായിരിക്കെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവെച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഷാജിയുടെ വിമര്‍ശനം.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് ലീഗിലുള്ളത്. പാര്‍ട്ടിയില്‍ എതിരഭിപ്രായക്കാരനോട് പകയില്ല. സംഘ ശക്തിയിലെ ഗുണകാംക്ഷകള്‍ മാത്രം. എതിരഭിപ്രായം പറയുന്നവര്‍ ശാരീരികമായോ ധാര്‍മ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ഈ ഒഴുക്ക് മനസ്സിലാവില്ലെന്നും ഷാജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

കെഎം ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്റെ ഭാഗമാണ്; മുസ്ലിം ലീഗില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പു മറകളില്‍ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ്. ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകള്‍ മാത്രം. എതിരഭിപ്രായം പറയുന്നവര്‍ ശാരീരികമായോ ധാര്‍മ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ഈ ഒഴുക്ക് മനസ്സിലാവില്ല.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഹൈദരലി തങ്ങള്‍ക്ക് ഇ.ഡി നോട്ടീസ് ലഭിക്കാന്‍ കാരണം  കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞുമാണെന്നാണ മുഈനലി തങ്ങളുടെ ആരോപണമാണ് ലീഗിനുള്ളില്‍ തര്‍ക്കങ്ങളിലേക്ക് വഴിവെച്ചത്. 40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണൈന്നും കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഈനലി ആരോപിച്ചിരുന്നു.

ആരോപണങ്ങള്‍ വിവാദമായതിന് പിന്നാലെ മുഈനലി തങ്ങളുടെ നടപടി തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായി മുസ്ലീം ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലീഗ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തിനിടെ മുഈന്‍ അലിയെ അസഭ്യം പറഞ്ഞതിന് ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയ കടവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

content highlights: km shaji facebook post, dispute in muslim league