തിരുവനന്തപുരം: മാണിയെ മുന്നണിയിലെടുക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ക്കെതിരെ സിപിഐയുടെ എതിര്‍പ്പ് ശക്തമാക്കി കാനം രാജേന്ദ്രന്‍. ചെങ്ങന്നൂരില്‍ തോറ്റാലും മാണിയെ മുന്നണിയില്‍ വേണ്ട. ഒരു ഉപതിരഞ്ഞെടുപ്പ് തോറ്റാല്‍ മുന്നണിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും കാനം പറഞ്ഞു. 

91  എംഎല്‍എമാരുടെ പിന്തുണ സര്‍ക്കാരിന് ഇപ്പോഴുമുണ്ട്. ഓരോ തിരഞ്ഞെടുപ്പ് തോല്‍ക്കുമെന്ന് കരുതി ഓരോ പാര്‍ട്ടിക്കാരെ വിളിച്ച് മുന്നണിയുണ്ടാക്കാനാവില്ലെന്നും കാനം വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോടായിരുന്നു കാനത്തിന്റെ പ്രതികരണം.

ക്രിസ്തീയ പുരോഹിതന്‍മാരോട് സംസാരിക്കാന്‍ ഇടനിലക്കാരനായി മാണിയുടെ ആവശ്യമില്ല. ഞങ്ങളൊക്കെ പരസ്പരം ആശയവിനിമയം നടത്തുന്നവരാണ്. നമ്മള്‍ നമ്മളുടെ രാഷ്ട്രീയം ആരോടും പറയും. കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ് മാണിയുടേത്. 

മേല്‍ത്തട്ടില്‍ കേന്ദ്രീകരിക്കുന്ന സമ്പത്ത് താഴെ തട്ടില്‍ വിതരണം ചെയ്താല്‍ സമത്വം വരുമെന്ന മാണിയുടെ സമീപനം കമ്മ്യൂണിസ്റ്റ് ആശയമല്ല. മാണിയോടുള്ള സിപിഐ നിലപാട് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.മാണിയുടെ കാര്യത്തില്‍ സിപിഎമ്മിന് വ്യത്യസ്ത അഭിപ്രായം ഉണ്ടാകാമെന്നും കാനം പറഞ്ഞു.