കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് എം.നേതാവുമായ കെ.എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മാണിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനേത്തുടര്‍ന്ന് പ്രത്യേക സജ്ജീകരണങ്ങളുള്ള ആംബുലന്‍സില്‍ അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിശദ പരിശോധനയില്‍ മാണിയുടെ വൃക്കകള്‍ക്ക് തകരാറുള്ളതായി കണ്ടെത്തിയതായും ഡയാലിസിസിന് വിധേയമാക്കിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും അവര്‍ അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരമാണ്‌ മുഖ്യമന്ത്രി മാണിയെ ആശുപത്രിയിലെത്തി കണ്ടത്. കുടുംബാംഗങ്ങളോട് സംസാരിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 രക്തത്തില്‍ ഓക്‌സിജന്റെ അളവില്‍ ഏറ്റക്കുറിച്ചിലുണ്ട്. രാത്രിയില്‍ വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Content highlights: KM Mani hospitalized in Kochi CM Pinarayi Vijayan visited