കോട്ടയം: വന്‍ ജനാവലിയെ സാക്ഷിയാക്കി കേരള കോണ്‍ഗ്രസിന്റെ അമരക്കാരന്‍ കെ.എം മാണിയുടെ മൃതശരീരം പാലാ സെന്റ് തോമസ് കത്രീഡല്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു. ഏറെ പ്രിയപ്പെട്ട മാണിസാറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി എല്ലാവിധ ഔദ്യോഗിക ബഹുമതികളോടും കൂടിയായിരുന്നു കേരള രാഷ്ട്രീയത്തിലെ ഈ അതികായന്റെ സംസ്‌കാര ചടങ്ങുകള്‍.

കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് ബാവയുടെ കാര്‍മികത്വത്തിലായിരുന്നു  സംസ്‌കാര ചടങ്ങുകള്‍. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു. 

തുടര്‍ന്ന് മൃതശരീരം സെമിത്തേരിയിലേക്ക് കൊണ്ടുപോയി. കേരള പോലീസ് ആചാരവെടി മുഴക്കി. ഭാര്യ കുട്ടിയമ്മ ഉള്‍പ്പടെുള്ളവര്‍ അവസാന ചുംബനം നല്‍കി. മൃതദേഹത്തില്‍ പാര്‍ട്ടി നേതാക്കന്മാര്‍ ചേര്‍ന്ന് പാര്‍ട്ടി പതാക പുതപ്പിച്ചു. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ കെ.എം മാണിയുടെ മൃതദേഹം സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു.

ktm

നേരത്തെ വൈകിട്ട് നാലരയോട് കൂടിയാണ് കെ.എം മാണിയുടെ മൃതദേഹം പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ എത്തിച്ചത്. വസതിയില്‍നിന്ന് മൂന്നുകിലോമീറ്റര്‍ ദൂരമാണ് പാലാ കത്തീഡ്രലിലേക്കുള്ളത്. എന്നാല്‍ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ പ്രവര്‍ത്തകരും നാട്ടുകാരും തിങ്ങിക്കൂടിയതിനാല്‍ ഏറെ വൈകിയാണ് വിലാപയാത്ര പള്ളിയിലെത്തിയത്.

മാണിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര പാലായിലെത്താനും വൈകിയിരുന്നു. ബുധനാഴ്ച വൈകിട്ടോടെ കരിങ്ങോഴക്കല്‍ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലാപയാത്ര വ്യാഴാഴ്ച രാവിലെയാണ് എത്തിയത്. പുലര്‍ച്ചെ സമയത്തും മാണിസാറിനെ കാണാനായി നിരവധിപേരാണ് പാലായിലെ വസതിയില്‍ എത്തിച്ചേര്‍ന്നത്. 

WhatsApp_Image_2019-04-11_at_15.48.33.jpg

content highlights: km mani, funeral, kerala congress, kottayam