പാലാ: കേരള കോണ്‍ഗ്രസിന്റെ അമരക്കാരന്‍ കെ.എം. മാണിക്ക് വിട പറയാനൊരുങ്ങി ജന്മനാട്. ഏറെ പ്രിയപ്പെട്ട മാണിസാറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ കരിങ്ങോഴക്കല്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിനാളുകൾ. 

മണിക്കൂറുകള്‍ വൈകിയാണ് കെ.എം. മാണിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര പാലായിലെത്തിയത്. ബുധനാഴ്ച വൈകിട്ടോടെ കരിങ്ങോഴക്കല്‍ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലാപയാത്ര വ്യാഴാഴ്ച രാവിലെയാണ് എത്തിയത്. പുലര്‍ച്ചെ സമയത്തും മാണിസാറിനെ കാണാനായി നിരവധിപേരാണ് പാലായിലെ വസതിയില്‍ എത്തിച്ചേര്‍ന്നത്. 

mani
ഫോട്ടോ: ജി.ശിവപ്രസാദ്

അടുത്ത ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കരിങ്ങോഴക്കല്‍ വീട്ടില്‍വെച്ച് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ സഭകളുടെ പിതാക്കന്മാര്‍, സംവിധായകന്‍  രഞ്ജി  പണിക്കര്‍, നടന്‍ മമ്മൂട്ടി തുടങ്ങിയവരും രാഷ്ട്രീരംഗത്തെ പ്രമുഖരും പാലായിലെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. ഉച്ചയ്ക്ക് രണ്ടുമണിവരെ കരിങ്ങോഴക്കല്‍ തറവാട്ടുവീട്ടില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനുവെയ്ക്കും. 

ശവസംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പാലായിലെ കൊട്ടാരമറ്റത്തെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് മൃതദേഹം വിലാപയാത്രയായി പാലാ സെയ്ന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്നുമണിയോടെ പള്ളിയിലും സെമിത്തേരിയിലും പ്രാര്‍ഥനകള്‍ നടക്കും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ശവസംസ്‌കാരച്ചടങ്ങുകള്‍ക്കുശേഷം പാലാ കത്തീഡ്രല്‍ പള്ളി പാരീഷ് ഹാളില്‍ അനുശോചനസമ്മേളനം നടക്കും.

Content Highlights: KM Mani, KM Mani Demise,KM Mani Funeral, Palai, Pala