തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കാതെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഒത്തുകളി. അപകടത്തിന് പിന്നാലെ ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നെങ്കിലും 15 ദിവസം പിന്നിട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല. 

ലൈസന്‍സ് റദ്ദാക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണം. ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്‍പ് ഇരുവര്‍ക്കും നോട്ടീസ് നല്‍കണമെന്നും എന്നാല്‍ ശ്രീറാമും വഫയും നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും വഫ ഫിറോസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനാലാണ് നടപടി സ്വീകരിക്കാന്‍ വൈകുന്നതെന്നും അവര്‍ വാദിക്കുന്നു. 

അതേസമയം, ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കാത്തതില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ തിങ്കളാഴ്ച തന്നെ നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. സാങ്കേതിക തടസങ്ങളാണ് നടപടി വൈകാന്‍ കാരണമായതെന്നും വഫ ഫിറോസിന്റെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

Content Highlights: km basheer accident case; mvd not suspended sriram venkitaraman and wafa firoz license