തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കോവിഡിന്റെ രണ്ടാംവരവിനെ നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കുന്നതിലും, കുറ്റമറ്റ രീതിയില്‍ വാക്സിന്‍ നല്‍കുന്നതിലും, ഐസിയുകളുടെ എണ്ണം കൂട്ടുന്നതിലും, മെഡിക്കല്‍ ഓക്സിജന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുമൊക്കെ വേണ്ട നടപടികള്‍ സ്വീകരിച്ചു വരുന്നു. പരിശോധന വേഗത്തിലാക്കി മരണങ്ങള്‍ പരമാവധി കുറച്ച് ആശുപത്രി സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കി ജനജീവിതം സാധാരണ നിലയില്‍ ആക്കുവാനാണ് ശ്രമിക്കുന്നത്.

ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ ഓക്സിജന്‍ ഉത്പാദനവും വിതരണവും മികച്ച രീതിയില്‍ നടപ്പാക്കാനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. 2020 ഏപ്രില്‍ ആദ്യം കേരളത്തില്‍ ഉണ്ടായിരുന്ന പ്രതിദിന ഓക്സിജന്‍ സ്റ്റോക്ക് 99.39 മെട്രിക് ടണും ഉത്പാദനം 50 ലിറ്റര്‍ പെര്‍ മിനുട്ടും ആയിരുന്നു. ഈ മാസം ആദ്യം കേരളത്തിലെ പ്രതിദിന സ്റ്റോക് 219 മെട്രിക് ടണ്ണും ഉത്പാദനം 1250 ലിറ്റര്‍ പെര്‍ മിനുട്ടും ആയിരുന്നു. ഈ കഴിഞ്ഞ ഏപ്രില്‍ 15ലെ കേരളത്തിലെ പ്രതിദിന ആവശ്യം 73 ടണ്ണായിരുന്നു. തെരഞ്ഞെടുത്ത 8 ആശുപത്രികളില്‍ ഓക്സിജന്‍ ജനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2 ഓക്സിജന്‍ ജനറേറ്ററുകള്‍ സ്ഥാപിച്ചു വരുന്നു. ഓക്സിജന്റെ ലഭ്യത കുറവുണ്ടായാല്‍ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Content Highlight: K K Shailaja teacher fb post