തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ പ്രതിപക്ഷ ആവശ്യം ഏറ്റെടുത്ത് കെ.കെ.ശൈലജ. ശ്രദ്ധക്ഷണിക്കലിലൂടെയാണ് ശൈലജ ആവശ്യം ഉന്നയിച്ചത്. പ്രതിപക്ഷം ഉന്നയിച്ച ഈ ആവശ്യങ്ങള്‍ അതേ തീവ്രതയില്‍ തന്നെയാണ് കെ.കെ. ശൈലജ സഭയില്‍ ഉന്നയിച്ചത്. സംസ്ഥാന അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കാതെ ജില്ലാ അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കണമെന്നായിരുന്നു ശൈലജ ഉന്നയിച്ച ആവശ്യം. ഇത് തന്നെയായിരുന്നു പ്രതിപക്ഷവും അടിയന്തരപ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടത്. 

പ്ലസ് വണ്‍ സീറ്റുകള്‍ കുറവാണെന്നും അധിക സീറ്റുകള്‍ അനുവദിക്കണമെന്നും സമ്മേളനം ഈ വിഷയം ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ടാണ് നേരത്തെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നം ചര്‍ച്ചചെയ്യണമെന്ന് ഷാഫി പറമ്പില്‍ നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നു.  എന്നാല്‍ അധിക ബാച്ചുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സഭയില്‍ വ്യക്തമാക്കുകയായിരുന്നു. 

പ്രതിപക്ഷം ഉന്നയിച്ച അതേ ആവശ്യം തന്നെ മുന്‍ മന്ത്രി കെ.കെ.ശൈലജ നിയമസഭയില്‍ ഉന്നയിക്കുകയായിരുന്നു. സംസ്ഥാന യൂണിറ്റുകളായി കണ്ട് സീറ്റ് തീരുമാനിക്കരുത്. മറിച്ച് ജില്ലാ-സബ് ജില്ലാ അടിസ്ഥാനത്തില്‍ സീറ്റുകളുടെ യീണിറ്റ് കണക്കാക്കി അപര്യാപ്തത പരിഹരിക്കണമെന്നും ശ്രദ്ധക്ഷണിക്കലില്‍ ശൈലജ ആവശ്യപ്പെട്ടു. സ്ഥിതി ഗുരുതരമാണെന്നും അവർ ചൂണ്ടിക്കാട്ടി. 

കൂടാതെ, സ്വാശ്രയ സ്ഥാപനങ്ങളിലെ അധിക ഫീസ് ഈടാക്കുന്നത് തടയാന്‍ നടപടി വേണമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയോട് കെ.കെ. ശൈലജ ആവശ്യപ്പെട്ടു. 

Content Highlights: KK Shailaja takes up the same issue raised by opposition on plus one admissions