ന്യൂഡല്‍ഹി: മന്ത്രിസഭയില്‍നിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ സി.പി.എം. ദേശീയ നേതാക്കള്‍ക്ക്‌ അതൃപ്തി. ശൈലജയെ ഒഴിവാക്കിയത് സംബന്ധിച്ച് സംസ്ഥാന നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. സംസ്ഥാന ഘടകമാണ് കെ.കെ. ശൈലജയെ ഒഴിവാക്കിയ തീരുമാനമെടുത്തതെന്നും അതിനാല്‍ തന്നെ കാരണം വിശദീകരിക്കേണ്ട ഉത്തരവാദിത്വം അവര്‍ക്കുണ്ടെന്നും വൃന്ദ കാരാട്ട് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

കോവിഡ് പ്രതിരോധത്തില്‍ രാജ്യാന്തര തലത്തിലടക്കം ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു കെ.കെ. ശൈലജ. പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയില്‍ ശൈലജ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അവസാനഘട്ടത്തില്‍ അവരെ ഒഴിവാക്കിയതില്‍ സി.പി.എം.  നേതാക്കള്‍ക്ക്‌ അതൃപ്തിയുണ്ട്. ഇക്കാര്യം പല നേതാക്കളേയും വിളിച്ച് ദേശീയ നേതാക്കള്‍ അറിയിച്ചു എന്നാണ് സൂചന. 

കെ.കെ. ശൈലജയ്ക്ക് ഇളവ് നല്‍കാമായിരുന്നുവെന്നാണ് അവരുടെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന ഘടകം തന്നെ കാരണം വിശദീകരിക്കട്ടെ എന്ന തരത്തിലാണ്  പ്രതികരണം ഉണ്ടായത്. വിഷയത്തില്‍ പരസ്യ പ്രതികരണം കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമോ എന്നും വ്യക്തമല്ല.

Content Highlights: K K Shailaja dropped from Pinarayi's new Cabinet