ജയിച്ചത് ടി.പി., ആ ശബ്ദം ഇനിയും ഉയരുമെന്ന് കെ.കെ. രമ; ഓര്‍മ്മകള്‍ക്ക് ഒമ്പത് വര്‍ഷം


കെ.പി നിജീഷ് കുമാര്‍

ജീവിച്ചിരിക്കുന്ന ചന്ദ്രശേഖരനേക്കാള്‍ സി.പി.എമ്മിന് മറുപടി പറയേണ്ടി വരിക കൊല്ലപ്പെട്ട ചന്ദ്രശേഖരനോടായിരിക്കുമെന്ന കെ.കെ. രമയുടെ ഒമ്പത് വര്‍ഷത്തോളമായുള്ള വാക്കുകളാണ് 15-ാം നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ അന്വര്‍ഥമാവുന്നത്.

വടകരയിലെ വിജയത്തിന് ശേഷം ടി.പി ചന്ദ്രശേഖരന്റെ പ്രതിമയ്ക്കരികെ കെ.കെ രമ.ഫോട്ടോ:സാജൻ വി നമ്പ്യാർ മാതൃഭൂമി

വടകര: ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഒമ്പത് വര്‍ഷം പിന്നിടുമ്പോള്‍ കേരള രാഷ്ട്രീയം ഞെട്ടിയ ആ പേര് ഇനി കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങിക്കേള്‍ക്കാന്‍ പോവുകയാണ്. പേരിനൊപ്പം എം.എല്‍.എ. സ്ഥാനം ചേര്‍ത്ത് വെച്ച് കെ.കെ. രമ നിയമസഭയുടെ വാതില്‍ തുറക്കാനൊരുങ്ങുമ്പോള്‍ അത് 51 വെട്ടിന്റെ പ്രതികാരവും വടകരയിലെ തിരിഞ്ഞെടുപ്പ് ചരിത്രത്തിലെ ഞെട്ടിക്കുന്ന വിജയവുമായി.

ജീവിച്ചിരിക്കുന്ന ചന്ദ്രശേഖരനേക്കാള്‍ സി.പി.എമ്മിന് മറുപടി പറയേണ്ടി വരിക കൊല്ലപ്പെട്ട ചന്ദ്രശേഖരനോടായിരിക്കുമെന്ന കെ.കെ. രമയുടെ ഒമ്പത് വര്‍ഷത്തോളമായുള്ള വാക്കുകളാണ് 15-ാം നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ അന്വര്‍ഥമാവുന്നത്. ജയിച്ചത് താനല്ലെന്നും ടി.പി. ചന്ദ്രശേഖരനാണെന്നുമുള്ള കെ.കെ. രമയുടെ പ്രതികരണം അങ്ങനെ വന്നതാണ്. ടി.പിയെന്ന വാക്കുകള്‍ പോലും കേള്‍ക്കുന്നത് അലോസരമാവുന്ന സി.പി.എമ്മിന് രമയുടെ എം.എല്‍.എ. സ്ഥാനം വലിയ തിരിച്ചടി തന്നെയാണ് നല്‍കിയിരിക്കുന്നത്.

വടകര മണ്ഡലം രൂപികരിച്ച അന്ന് മുതല്‍ ഇടതിനെ മാത്രം നിയമസഭയിലെത്തിച്ച ജനങ്ങള്‍ ഇത്തവണ രമയെ വിജയിപ്പിച്ചപ്പോള്‍ അത് ടി.പിയെ അങ്ങനെ മറക്കാന്‍ തങ്ങള്‍ക്ക് മനസ്സില്ലെന്ന മറുപടിയാണ് വോട്ടിലൂടെ നല്‍കിയിരിക്കുന്നത്. ഇനിയും കണ്ടെത്താന്‍ കഴിയാത്ത കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മാസ്റ്റര്‍ ബ്രെയിനിനെ കണ്ടെത്താനുള്ള പോരാട്ടം തന്നെയായിരിക്കും ഇനിയങ്ങോട്ടുമെന്ന രമയുടെ മറുപടിയും ശ്രദ്ധേയമാണ്.

TP

2012 മെയ് 4 വെള്ളിയാഴ്ച്ച രാത്രി 10.15-ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണില്‍ വച്ച് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇവര്‍ക്ക് നേരെ ബോംബെറിഞ്ഞ അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ഏറാമല പഞ്ചായത്ത് ഭരണം സംഭവിച്ച വിഷയങ്ങളെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സി.പി.എം. വിട്ട് വിമതപ്രവര്‍ത്തനം ആരംഭിക്കുന്നത്. വടകരയിലെ വിമതര്‍ ടി.പിയുടെ നേതൃത്വത്തില്‍ സംഘടിക്കുകയും പാര്‍ട്ടി കരുതിയതിലും സ്വാധീനം മേഖലയില്‍ അവര്‍ക്ക് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ടി.പി. പാര്‍ട്ടിയുടെ കണ്ണിലെ കരടായി മാറിയത്. 2009- ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച ടി.പി. 23,000-ത്തോളം വോട്ടുകള്‍ പിടിച്ചത് സി.പി.എമ്മിന് തിരിച്ചടിയാവുകയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു.

വിമതനേതാവായ ടി.പിയുടെ കൊലപാതകം രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. അന്‍പത്തൊന്ന് വെട്ടേറ്റ ടി.പി. ചന്ദ്രശേഖരന്റെ മുഖം തിരിച്ചറിയാന്‍ സാധിക്കാത്തവിധം വികൃതമാക്കിയാണ് കൊലയാളികള്‍ പക തീര്‍ത്തത്. കേസിന്റെ ഗൗരവം തിരിച്ചറിഞ്ഞ അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. വിന്‍സണ്‍ എം. പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘത്തെ വളരെ പെട്ടെന്ന് കേസന്വേഷണത്തിനായി നിയോഗിച്ചു.

TP

അന്നത്തെ ഹെഡ് ക്വാര്‍ട്ടേഴ്സ് എ.ഐ.ജി. അനൂപ് കുരുവിള ജോണ്‍, തലശ്ശേരി ഡിവൈ.എസ്പി. എ.പി. ഷൗക്കത്തലി, വടകര ഡിവൈ.എസ്പി. ജോസി ചെറിയാന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി. കെ.വി. സന്തോഷ്‌കുമാര്‍, എം.ജെ. സോജന്‍, കുറ്റ്യാടി സി.ഐ. ബെന്നി എന്നിവരടങ്ങിയ ഈ സംഘത്തില്‍ എസ്.ഐ., എ.എസ്ഐ., സിവില്‍ പോലീസ് ഓഫീസര്‍മാരുള്‍പ്പടെ 35-ഓളം ഉദ്യോഗസ്ഥര്‍ വേറെയുമുണ്ടായിരുന്നു. .

ഈ അന്വേഷണസംഘത്തെ സര്‍ക്കാര്‍ സ്വതന്ത്ര്യമാക്കി വിട്ടതോടെ പോലീസ് ചരിത്രത്തിലെ ഏറ്റവും ധീരമായ അന്വേഷണമാണ് പിന്നീട് കണ്ടത്. ടി.പിയെ വെട്ടിക്കൊന്ന അഞ്ച് പേരെയും അന്വേഷണം തുടങ്ങി മൂന്ന് ദിവസത്തിനകം തന്നെ തിരിച്ചറിയാന്‍ പോലീസിന് സാധിച്ചതോടെ കേസന്വേഷണം ശരിയായ ട്രാക്കിലെത്തി.

കൊലപാതകസംഘത്തില്‍ ഉള്‍പ്പെട്ട കൊടിസുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, ഷിനോജ് എന്നിവരെ തിരിച്ചറിഞ്ഞ പോലീസ് പിന്നീട് കൊലപാകത്തിന്റെ ആസൂത്രണത്തിലേക്കും കൃത്യം നടത്താനും തുടര്‍ന്ന് ഒളിവില്‍ പോകാനും ഇവരെ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സി.പി.എമ്മുമായി നേരിട്ട് ഏറ്റുമുട്ടിയ ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ആദ്യം തൊട്ടേ സംശയത്തിന്റെ നിഴലിലായിരുന്നു പാര്‍ട്ടിയെങ്കിലും ടി.പി. കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക പോലീസ് സംഘം നേതാക്കളേയും പ്രവര്‍ത്തകരേയും ഓരോരുത്തരായി അറസ്റ്റ് ചെയ്യാനാരംഭിച്ചതോടെയാണ് സി.പി.എം. ശരിക്കും പ്രതിസന്ധിയിലായത്.

കോഴിക്കോട്ടേയും കണ്ണൂരിലേയും പ്രമുഖ നേതാക്കളെ ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ പി. മോഹനന്‍, സി.എച്ച്. അശോകന്‍, കെ.കെ. കൃഷ്ണന്‍, കെ.സി. രാമചന്ദ്രന്‍, പടയംകണ്ടി രവീന്ദ്രന്‍, പി.കെ. കുഞ്ഞനന്തന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. ഒഞ്ചിയം, പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ് ഏറിയ കമ്മിറ്റികള്‍ക്ക് കൊലപാതകത്തിലുണ്ടായിരുന്ന പങ്കും അന്വേഷണസംഘം തെളിവ് സഹിതം വെളിച്ചത്ത് കൊണ്ടുവന്നു.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമമായ മുട്ടക്കോഴി മലയില്‍നിന്നും അര്‍ധരാത്രിയില്‍ കൊടി സുനിയേയും സംഘത്തേയും പൊക്കിയ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പോലീസ് മഹാരാഷ്ട്ര-ഗോവ അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് ടി.കെ. രജീഷ് എന്ന കൊടും ക്രിമനലിനെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ മേഖലയിലെ അനവധി രാഷ്ട്രീയകൊലപാതകങ്ങളില്‍ പങ്കാളിയായ ടി.കെ. രജീഷിനെ ആദ്യമായി കണ്ടെത്തുന്നത് അന്വേഷണസംഘമാണ്.

സി.പി.എം. ഒരുക്കിയ കടുത്ത പ്രതിരോധത്തെ മറികടന്നായിരുന്നു പോലീസ് അന്വേഷണം മുന്നോട്ട് നീങ്ങിയത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലും ഒളിതാവളങ്ങളിലും പ്രതികള്‍ക്കായി പോലീസ് കയറി ചെന്നു. പ്രതികള്‍ക്ക് ഒളിത്താവളങ്ങള്‍ ഒരുക്കിയ ഓരോരുത്തരെയായി പോലീസ് പിടികൂടി. ഒരു രീതിയിലും ഒളിവില്‍ കഴിയാന്‍ സാധിക്കാതെ വന്നതോടെയാണ് കുഞ്ഞനന്തനടക്കമുള്ളവര്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയത്.

സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, മുന്‍മന്ത്രി എളമരം കരീം തുടങ്ങിയ നേതാക്കള്‍ക്കും ടി.പി. കേസ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആര്‍.എം.പിയും ബി.ജെ.പിയും അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിച്ചെങ്കിലും ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പി. മോഹനനില്‍ നിര്‍ത്തിയാണ് അന്ന് അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കിയത്.

മാറാട് പ്രത്യേക കോടതിയില്‍ നടന്ന വിചാരണയ്ക്കൊടുവില്‍ പക്ഷേ തെളിവുകളുടെ അഭാവത്തില്‍ കോടതി പി. മോഹനനെ വെറുതെ വിട്ടു. ഇതോടെ ടി.പിയുടെ വിധവ രമ കൊലപാതകത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. പിന്നീടങ്ങോട്ട് രമയുടെ പോരാട്ടമായിരുന്നു.

Content Highlights: KK Rema TP Chandrashekharan Kerala Assembly Election

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented