കോഴിക്കോട്: പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്ത്തി കെ.കെ രമ എംഎല്‍എ. റിയാസിനെപ്പോലെയൊരു മന്ത്രിയെ കിട്ടിയത് സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന കാര്യമാണെന്നാണ് വടകര എംഎല്‍എയുടെ വാക്കുകള്‍. കഴിഞ്ഞ ദിവസം വടകരയിൽ മന്ത്രി റിയാസ് കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു എം.എൽ.എയുടെ പ്രശംസ. 

മന്ത്രി എന്ന നിലയില്‍ റിയാസിനോട് ഒരു കാര്യം അവതരിപ്പിക്കുമ്പോള്‍ അദ്ദേഹം അത് ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും പോസിറ്റീവായി മറുപടി നല്‍കുകയും ചെയ്യും, വടകര മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നിയമസഭയ്ക്കുള്ളിലും പുറത്തും മന്ത്രിയുമായി സംസാരിച്ച പശ്ചാത്തലത്തിലാണ് അഭിപ്രായപ്രകടനമെന്നും രമ പറയുന്നു. 

മണ്ഡലത്തിലെ കാര്യങ്ങള്‍ പറയുമ്പോള്‍ മന്ത്രിയില്‍ നിന്ന് അത് നടത്താം എന്ന ഉറപ്പ് കിട്ടുന്നത് വളരെ ആവേശകരമായ കാര്യമാണെന്നും അവര്‍ പറഞ്ഞു.

സി.പി.എം നേതൃത്വവുമായി നിരന്തരം ഏറ്റുമുട്ടുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന രമയുടെ ഭാഗത്ത് നിന്നാണ് റിയാസിന് ഇത്തരമൊരു പ്രശംസ എന്നത് ശ്രദ്ധേയമാണ്.

Content Highlights: KK Rama praises minister Muhammed Riyas in public speech