പാറമേക്കാവ് ദേവസ്വം ഓഫീസിലെത്തിയ കിഴക്കൂട്ട് അനിയൻമാരാർക്ക് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ലഡു നൽകുന്നു
തൃശ്ശൂര്‍: ഇലഞ്ഞിത്തറയിലേക്ക് തിരിച്ചുവരാന്‍ സാധിച്ചതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ കിഴക്കൂട്ടിന്റെ കണ്ണില്‍ നീര്‍ത്തിളക്കം. 1961 മുതല്‍ 1999 വരെ കൊട്ടിയ കാലവും അതിനുശേഷമുള്ള കാത്തിരിപ്പും ഒടുവില്‍ പ്രതീക്ഷ കൈവിട്ടതുമെല്ലാം വിവരിച്ചപ്പോള്‍ കൂടിനിന്നവരുടെയും കണ്ണുനിറഞ്ഞു. തൃശ്ശൂര്‍പൂരം പാറമേക്കാവ് വിഭാഗത്തിന്റെ മേളപ്രമാണിയായി ദേവസ്വം കഴിഞ്ഞദിവസം നിശ്ചയിച്ച കിഴക്കൂട്ട് അനിയന്മാരാര് പാറമേക്കാവ് ദേവസ്വം ഓഫീസിലെത്തിയതായിരുന്നു.
1999-ല്‍ പടിയിറങ്ങിയശേഷം ഓരോ വര്‍ഷവും പാറമേക്കാവിന്റെ വിളി പ്രതീക്ഷിച്ചിരുന്നു. കുറേക്കഴിഞ്ഞപ്പോള്‍ പ്രതീക്ഷിക്കാതെയായി-കിഴക്കൂട്ട് പറഞ്ഞു. പിന്നീട് വിളിവന്നത് അപ്രതീക്ഷിതമായി. ഇലഞ്ഞിത്തറയില്‍ കൊട്ടുകയെന്നതില് ക്കവിഞ്ഞ് മറ്റൊരു സന്തോഷമില്ല. 2005-ല്‍ പകല്‍പ്പൂരത്തിന് പ്രമാണം കൊട്ടിയതും അദ്ദേഹം ഓര്‍ത്തു. ലഡുനല്കിയും പൊന്നാട ചാര്‍ത്തിയും ബൊക്കെ സമ്മാനിച്ചുമാണ് ദേവസ്വം പുതിയ പ്രമാണിയെ സ്വീകരിച്ചത്. മധുരം കഴിക്കാന്‍ മടിച്ച കിഴക്കൂട്ടിനെക്കൊണ്ട് നിര്‍ബന്ധിച്ച് മധുരം കഴിപ്പിക്കുകയും ചെയ്തു.
പ്രസിഡന്റ് ഡോ. എം. ബാലഗോപാല്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ജി. രാജേഷ് കിഴക്കൂട്ടിനെ പൊന്നാടചാര്‍ത്തി. വൈസ് പ്രസിഡന്റ് ഇ. വേണുഗോപാല്‍, ജോയിന്റ് സെക്രട്ടറി പി.വി. നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രമാണിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം കിഴക്കൂട്ട് അനിയന്മാരാര് നയിക്കുന്ന പാറമേക്കാവിലെ ആദ്യമേളം വെള്ളിയാഴ്ച നടക്കും. ക്ഷേത്രത്തിലെ ദേശപ്പാനയുടെ ഭാഗമായാണിത്. വെള്ളിയാഴ്ച 10 മുതല്‍ 12 വരെയാണ് മേളം. ഈ മേളത്തിന്റെ അകമ്പടിയോടെ ഭഗവതിയെ പാനപ്പന്തലിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് ദേശപ്പാനയുടെ മറ്റു ചടങ്ങുകളും നടക്കും.
വൈകീട്ട് 6.30-ന് തായമ്പകയും ഒമ്പതിന് പാനപൂജയും അരങ്ങേറും. രാത്രി പത്തരയ്ക്ക് പാല്‍ക്കിണ്ടി എഴുന്നള്ളിപ്പ്, 12-ന് തിരിയുഴിച്ചില്‍, കോമരത്തിന്റെ നൃത്തം എന്നിവയും നടക്കും. പുലര്‍ച്ചെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയാകുക.
Content Highlights: kizhakkoottu aniyan marar ilanjithara melam peruvanam kuttan marar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..