പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ യുവതിയുടെ കുടുംബം. യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. 

ജൂണ്‍ 18നാണ് കാരാപ്പാടം സ്വദേശി ശ്രീജിത്തിന്റെ ഭാര്യ സ്വദേശി ശ്രുതിയെ കിഴക്കഞ്ചേരിയിലെ ശ്രീജിത്തിന്റെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ശ്രുതി മരണപ്പെടുന്നത്. പിന്നാലെയാണ് ശ്രുതിയുടേത് കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. 

കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് മരണത്തിന് മുന്‍പ് ശ്രുതി പറഞ്ഞിരുന്നുവെന്നാണ് കുടുംബം പറയുന്നത്. മണ്ണെണ്ണ ഒഴിച്ചാണ് പൊള്ളലേല്‍പ്പിച്ചതെന്ന് ശ്രുതിയുടെ അച്ഛനും ആരോപിച്ചു. മറ്റൊരു പെണ്‍കുട്ടിയുമായി ശ്രീജിത്തിന് ബന്ധമുണ്ടായിരുന്നു. ഇത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. 

ഭര്‍ത്താവ് അടുത്തുനില്‍ക്കെ തീപ്പൊള്ളലേറ്റ് മരിക്കാനിടയായതില്‍ സംശയങ്ങളുണ്ടെന്നും ഇത് ചൂണ്ടിക്കാട്ടി വടക്കഞ്ചേരി പോലീസില്‍ പരാതിനല്‍കുമെന്നും ശ്രുതിയുടെ അച്ഛന്‍ ശിവനും അമ്മ മേരിയും പറഞ്ഞു. മക്കള്‍ക്ക് സത്യമറിയാമെന്നും സംഭവശേഷം ശ്രീജിത്തിന്റെ വീട്ടുകാര്‍ മക്കളെ പേടിപ്പിച്ചുനിര്‍ത്തിയിരിക്കയാണെന്നും ഇവര്‍ ആരോപിച്ചു.

ശ്രുതിയുടെ ശരീരത്തില്‍ തീ പടര്‍ന്ന ഉടന്‍ അണയ്ക്കാമായിരുന്നിട്ടും കുട്ടികളുടെ കരച്ചില്‍കേട്ട് അയല്‍വാസികളെത്തിയപ്പോഴാണ് ശ്രീജിത്ത് തീയണയ്ക്കാന്‍ ശ്രമിച്ചതെന്നും ഇവര്‍ പറയുന്നു. ശ്രീജിത്തിന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നെന്നും ശ്രുതി ഇത് ചോദ്യംചെയ്തതാണ് വഴക്കിലേക്കും ഒടുവില്‍ മരണത്തിലേക്കും നയിച്ചതെന്നും മേരി പറഞ്ഞു.

ശ്രുതിയുടെ മരണത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ശ്രീജിത്തിന്റെ കൈകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മക്കളില്‍നിന്നെടുത്ത മൊഴിയുടെയും ശ്രുതി മരിക്കുന്നതിനുമുമ്പ് ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  12 വര്‍ഷം മുന്‍പാണ് ശ്രുതിയും ശ്രീജിത്തും വിവാഹിതരായത്.