സാബു എം ജേക്കബ്
കൊച്ചി: കിഴക്കമ്പലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത 164 പേരില്‍ വെറും 13 പേര്‍ മാത്രമാണ് യഥാര്‍ഥപ്രതികളെന്ന് കിറ്റക്‌സ് എം.ഡി. സാബു എം.ജേക്കബ്. ബാക്കിയുള്ളവരെ പോലീസ് പ്രതികളാക്കിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും കസ്റ്റഡിയിലുള്ള 151 പേരും നിരപരാധികളാണെന്നും സാബു എം. ജേക്കബ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
'മലയാളികളെ സംബന്ധിച്ച് ആഘോഷത്തിന്റെ സമയത്താണ് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവം കിറ്റക്‌സുമായി ബന്ധപ്പെട്ട് അരങ്ങേറിയത്.വളരെ യാദൃശ്ചികമായി നടന്ന സംഭവത്തില്‍ എനിക്ക് വളരെയധികം ദുഃഖമുണ്ട്. അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്താതായിരുന്നു. എന്നാല്‍ ഇവിടെ മനസിലാക്കേണ്ട ചില യാഥാര്‍ഥ്യങ്ങള്‍ കേരളസമൂഹം അറിയണം.
സംഭവം യാദൃശ്ചികമായിരുന്നെങ്കിലും അതിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. 164 പേരെ കസ്റ്റഡിയിലെടുത്തെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ഇവരെല്ലാം പ്രതികളെന്നും പോലീസ് പറയുന്നു. ഇതില്‍ 152 പേരെ ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ബാക്കി 12 പേരെ എവിടെനിന്ന് കിട്ടിയെന്ന് ഞങ്ങള്‍ക്ക് അറിയില്ല.
12 ലൈന്‍ ക്വാര്‍ട്ടേഴ്‌സിലായി 984 പേരാണ് താമസിക്കുന്നത്. ഇതില്‍ 499 പേര്‍ മലയാളികളാണ്. ബാക്കി ഇതരസംസ്ഥാനക്കാരും. 12 ക്വാര്‍ട്ടേഴ്‌സുകളില്‍ മൂന്നെണ്ണത്തില്‍നിന്ന് മാത്രമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. 10,11,12 നമ്പര്‍ ക്വാര്‍ട്ടേഴ്‌സുകളില്‍നിന്ന് മാത്രമാണ് ആളുകളെ കസ്റ്റഡിയിലെടുത്തത്. മലയാളികളെ മാറ്റിനിര്‍ത്തി ഹിന്ദിക്കാരെ മാത്രം ബസില്‍ കയറ്റികൊണ്ടുപോയി. എങ്ങനെ ഈ ക്വാര്‍ട്ടേഴ്‌സിലുള്ളവര്‍ മാത്രം കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തി? വെറും രണ്ട് മണിക്കൂര്‍ കൊണ്ട് എങ്ങനെയാണ് ഇവരാണ് പ്രതികളെന്ന് പോലീസിന് മനസിലായത്?
പോലീസ് മുന്‍വിധിയോടെ വന്ന് ജനങ്ങളെ കബളിപ്പിക്കാനായാണ് ഹിന്ദിക്കാരെ മാത്രം കസ്റ്റഡിയിലെടുത്തത്. കിറ്റക്‌സ് ഒരിക്കലും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ അംഗീകരിക്കുന്ന പ്രസ്ഥാനമല്ല. നിയമം കൈയിലെടുക്കാനോ നിയമലംഘനത്തിനോ ആരെയും അനുവദിക്കാറുമില്ല. നൂറുരൂപയുടെ കളവ് നടന്നാല്‍ പോലും പോലീസിനെ അറിയിക്കും.
കഴിഞ്ഞസംഭവത്തില്‍ പ്രതികളെ കണ്ടെത്താനും ശിക്ഷ ഉറപ്പാക്കാനും എല്ലാ സഹകരണവും ചെയ്തു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ 164 പേരില്‍ വെറും 13 പേര്‍ മാത്രമാണ് യഥാര്‍ഥ പ്രതികള്‍. ബാക്കി 151 പേരും നിരപരാധികളാണ്. എവിടെനിന്നാണ് 151 പേരെ പ്രതികളാക്കിയത്? 151 നിരപരാധികളെ ആര് തിരിച്ചറിഞ്ഞു. പോലീസ് ജനങ്ങള കബളിപ്പിക്കാന്‍ എല്ലാവരെയും പ്രതികളാക്കിയെന്നും' സാബു എം.ജേക്കബ് ആരോപിച്ചു.
'ഞാന്‍ സംസാരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഞങ്ങളുടെ ക്യാമറയില്‍ തെളിവുകളുണ്ട്. പിടിയിലായവര്‍ പ്രതികളാണെന്ന് എങ്ങനെയാണ് പോലീസ് തിരിച്ചറിഞ്ഞത്. സൂപ്പര്‍വൈസര്‍മാര്‍ക്ക് പോലും ഇവരെ തിരിച്ചറിയാന്‍ പ്രയാസമാണ്. കഴിഞ്ഞ 36 മണിക്കൂര്‍ സമയമെടുത്താണ് ഇവരെയെല്ലാം ഞങ്ങള്‍ മനസിലാക്കിയത്. പിന്നെ എങ്ങനെയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ക്യാമറ ദൃശ്യങ്ങള്‍ തെളിവുണ്ടോ? ഇത് കൊടുംക്രൂരതയാണ്
ഒരുകുറ്റവാളിയും രക്ഷപ്പെടാന്‍ പാടില്ലെന്നാണ് ഞങ്ങളുടെ നയം. അതേസമയം, അച്ഛനെയും അമ്മയെയും കുടുംബത്തെയും വിട്ട് ഒരു നേരത്തെ ഭക്ഷണത്തിനായി ഇവിടെ എത്തിയ പട്ടിണിപ്പാവങ്ങളെ എന്നോടുള്ള വിരോധത്തിന്റെ പേരില്‍ ഉപദ്രവിക്കരുത്. കിറ്റക്‌സ് അടച്ചുപൂട്ടാന്‍ വേണ്ടി, ട്വന്റി 20 എന്ന പ്രസ്ഥാനം ഇല്ലാതാക്കാന്‍ വേണ്ടിയാണ് നിരപരാധികളെ ജയിലിലടച്ചിരിക്കുന്നത്. മനസാക്ഷിയുണ്ടെങ്കില്‍ മുഖ്യമന്ത്രി അവരെ തുറന്നുവിടണം.
ആയിരം കുറ്റവാളി രക്ഷപ്പെടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാന്‍ പാടില്ല. എത്രയോ ലക്ഷം മലയാളികള്‍ പുറത്തുജോലിചെയ്യുന്നു. അവര്‍ക്കാണ് ഈ അവസ്ഥ വന്നെങ്കിലോ? കസ്റ്റഡിയിലുള്ള പലരുടെയും ബന്ധുക്കള്‍ നാട്ടില്‍നിന്ന് കണ്ണീരോടെ വിളിക്കുകയാണ്. അവര്‍ക്ക് വാദിക്കാന്‍ ആരുമില്ല.
ക്യാമറ പരിശോധിച്ച് വ്യക്തമായി മനസിലാക്കിയതിന് ശേഷമാണ് ഞാന്‍ ഇതെല്ലാം പറയുന്നത്. നിങ്ങള്‍ക്ക് എന്നെയാണ് വേണ്ടതെങ്കില്‍ എന്നെ തുറങ്കലിലടയ്ക്കൂ, നിരപരാധികളായ പട്ടിണിപ്പാവങ്ങളെ എന്തിനാണ് ജയിലലടയ്ക്കുന്നത്.എന്നോടുള്ള വിരോധം തീര്‍ക്കേണ്ടത് പട്ടിണിപ്പാവങ്ങളോടല്ല. കമ്പനി അടയ്ക്കാനാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ ഞാന്‍ തയ്യാറാണ്. 151 പേരുടെ ശാപം കേരളമണ്ണിനുണ്ടാവരുത്. സത്യം തിരിച്ചറിയണം'- സാബു എം. ജേക്കബ് പറഞ്ഞു.
40 പേരില്‍ താഴെ മാത്രമേ കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുള്ളൂവെന്നും അദ്ദേഹം അവകാശപ്പെട്ടു. 'എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് 164 പേരെ കസ്റ്റഡിയിലെടുത്തത്. ഈ പ്രശ്‌നം വളറെ സെന്‍സിറ്റീവായ വിഷയമാണ്. 45 ലക്ഷം മലയാളികള്‍ വിവിധ സംസ്ഥാനങ്ങളിലുണ്ടെന്ന് മറക്കരുത്. പത്ത് സംസ്ഥാനങ്ങളിലുള്ളവരാണ് ജയിലിലുള്ളത്. അവരുടെ സംസ്ഥാനങ്ങള്‍ വെറുതെയിരിക്കുമെന്ന് തോന്നുന്നുണ്ടോ. അവര്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ കേരളം ഉത്തരംപറയണം. എന്ത് തെളിവുണ്ടെന്ന് ചോദിച്ചാല്‍ പോലീസിന് കൈമലര്‍ത്തേണ്ടിവരും. സാബുവിനോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഈ വിഷയം ഉപയോഗിക്കുന്നത് തെറ്റാണ്. തെറ്റ് തിരുത്തിയില്ലെങ്കില്‍ ഇത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള യുദ്ധത്തിലേക്ക് പോകുമെന്നും' സാബു എം.ജേക്കബ് പറഞ്ഞു.
Content Highlights: kizhakkambalam violence kitex md sabu m jacob explanation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..