കൊച്ചി: കിറ്റെക്‌സില്‍ വീണ്ടും പരിശോധന. കൃഷി വകുപ്പും മലിനീകരണ നിയന്ത്രണബോര്‍ഡും ചേര്‍ന്നാണ് ഇത്തവണ കിറ്റക്‌സില്‍ മിന്നല്‍ പരിശോധന നടത്തിയത്. 

നേരത്തേയും കിറ്റെക്‌സില്‍ നിരവധി പരിശോധനകള്‍ നടന്നിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയവര്‍ നടത്തിയ തുടര്‍ച്ചയായ പരിശോധനകള്‍ക്ക് പിന്നാലെയുണ്ടായ വിവാദത്തിന്റെ ചുവടുപിടിച്ചാണ് 3500 കോടിയുടെ നിക്ഷേപം കേരളത്തില്‍ നടത്താനുള്ള തീരുമാനം പിന്‍വലിക്കുന്നതായി സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. 

വ്യവസായ ശാലകളില്‍ മിന്നല്‍ പരിശോധന ഉണ്ടാവില്ലെന്ന മന്ത്രിയുടെ ഉറപ്പ് പാഴായെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പ്രതികരിച്ചു. പതിമൂന്നാം തവണയാണ് കിറ്റെക്‌സില്‍ പരിശോധന നടക്കുന്നത്. കേരളത്തിൽ ഉദ്യോഗസ്ഥരാജ് ആണെന്നും കിറ്റെക്‌സ് പൂട്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാബു എം ജേക്കബ് ആരോപിച്ചു. 

കൊച്ചിയില്‍ നടന്ന യോഗത്തില്‍ ഇത്തരത്തില്‍ മിന്നല്‍ പരിശോധനകള്‍ ഉണ്ടാവില്ലെന്ന് മന്ത്രി പി രാജീവ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ ലംഘനമാണ് നടന്നതെന്ന് സാബു എം ജേക്കബ് പ്രതികരിച്ചു. കിറ്റക്‌സില്‍ മലിനീകരണ പ്രശ്‌നങ്ങളില്ലെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും പരിശോധന നടത്തുന്നത് തന്നോടുള്ള പകപോക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.