വടകര: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെയാണെന്ന പരാതിയുമായി യുവാവ് രംഗത്ത്. വടകര നാരായണ നഗര്‍ സ്വദേശിയാണ് വടകര പോലീസില്‍ പരാതി നല്‍കിയത്. രണ്ട് മക്കളെയും കൂട്ടിയാണ് യുവതി പോയതെന്നും മക്കളെ വിട്ടുകിട്ടണമെന്നും ഇയാള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

പരാതിയെത്തുടര്‍ന്ന് പോലീസ് യുവതിയെയും മക്കളെയും വടകരസ്റ്റേഷനില്‍ വിളിച്ചുവരുത്തി. അല്‍പ്പനേരം പരാതിക്കാരന്‍ മക്കളുമായി സംസാരിച്ചു. ശേഷം യുവതിയും മക്കളും തിരിച്ചുപോയി. നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താതെയാണ് യുവതി വേറെ വിവാഹം കഴിച്ചതെന്നാണ് ഇയാളുടെ പരാതി.

തനിക്ക് വിദേശത്താണ് ജോലി. വിദേശത്തുനിന്ന് എത്തുന്നതിനുമുമ്പെ യുവതി മക്കളേയുംകൂട്ടി അവരുടെ വീട്ടിലേക്ക് പോയെന്നും യുവതിയുടെ കല്യാണം കഴിഞ്ഞതായി പത്രവാര്‍ത്ത കണ്ടാണ് അറിഞ്ഞതെന്നും പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. നിലവില്‍ തന്റെ ഭാര്യയായതിനാല്‍ ഇക്കാര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കിര്‍മാണി മനോജ് പരോളില്‍ ഇറങ്ങിയശേഷം ബുധനാഴ്ചയാണ് വിവാഹിതനായത്.