ഭയപ്പെടുത്തും, കടിക്കുക അപൂര്‍വ്വം; 20 പേരെ കൊല്ലാനുള്ള വിഷമുണ്ട്, കടിയേറ്റാല്‍ ഉടനടി മരണം


ജിതേഷ് ഇ.

പ്രതീകാത്മക ചിത്രം | photo: UNI

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിച്ചത് അത്യപൂര്‍വ സംഭവം. പൊതുവേ പ്രകോപിതനാകാത്ത പാമ്പാണ് രാജവെമ്പാല. ഇന്ത്യയില്‍ ഇതുവരെ ഔദ്യോഗികമായി നാല് പേരാണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചിട്ടുള്ളതെന്നാണ്‌ റിപ്പോര്‍ട്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണിതെന്ന് സ്‌നേക്ക് പീഡിയ ടീം അംഗം സന്ദീപ് ദാസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

മരണപ്പെട്ട ഹര്‍ഷാദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മൃഗശാലയിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നാല്‍ മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാവൂ. സാധാരണയായി ഇവ ആളുകളെ കടിക്കാറില്ല. പാമ്പുകളെ പരിപാലിക്കുമ്പോള്‍ വളരെയേറെ സൂക്ഷിക്കണമെന്ന് വനം വകുപ്പിന്റെ മാര്‍ഗരേഖയുണ്ട്. ഹര്‍ഷാദിന്റെ ശരീരത്തില്‍ എവിടെയാണ് കടിയേറ്റതെന്ന് വ്യക്തമല്ല. കൈയിലോ കാലിലോ മാത്രമല്ല, ശരീരത്തില്‍ എവിടെ വേണമെങ്കിലും രാജവെമ്പാല കടിച്ചേക്കാം. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വനം വകുപ്പ് കൃത്യമായ അന്വേഷണം നടത്തുമെന്നും സന്ദീപ് ദാസ് പറഞ്ഞു.

അപകടകാരികളായ മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, അണലി, ചുരുട്ട മണ്ഡലി എന്നീ ബിഗ് ഫോര്‍ വിഭാഗത്തില്‍പ്പെട്ട പാമ്പുകളെ പോലെ ഉപദ്രവകാരിയല്ല രാജവെമ്പാല. മറ്റു വിഷപ്പാമ്പുകളെ അപേക്ഷിച്ച്‌ രാജവെമ്പാലയുടെ വിഷത്തിന് വീര്യവും കുറവാണ്. എന്നാല്‍ ഇതിന്റെ വിഷസഞ്ചിയില്‍ 6-7 മില്ലി വരെ വിഷമുണ്ടാകും. മറ്റു പാമ്പുകള്‍ക്ക് ഇതിന്റെ പത്തിലൊന്ന് വിഷം മാത്രമേ സംഭരിക്കാന്‍ സാധിക്കു. മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തെയാണ് രാജവെമ്പാലയുടെ വിഷം ബാധിക്കുക. വിഷത്തിന്റെ അളവ് കൂടുതലായതിനാല്‍ ഒരു കടിയേല്‍ക്കുമ്പോള്‍ തന്നെ കൂടുതല്‍ വിഷം മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കും. നിമിഷ നേരത്തിനുള്ളില്‍ ജീവന്‍ നഷ്ടപ്പെടാന്‍ ഇതാണ് കാരണമെന്നും സന്ദീപ് ദാസ് പറഞ്ഞു.

ഒരു കടിയില്‍ 20 മനുഷ്യനെ കൊല്ലാനുള്ള വിഷം വമിപ്പിക്കാനാന്‍ രാജവെമ്പാലയ്ക്ക് സാധിക്കും. പരമാവധി അഞ്ചര മീറ്റര്‍ വരെയാണ് ഇവയുടെ നീളം. ഒമ്പത് കിലോഗ്രാം വരെ ഭാരവുണ്ടാകും. 18-20 വയസ് വരെ ഇവ ജീവിക്കും. മുഖ്യമായും മറ്റു പാമ്പുകളാണ് രാജവെമ്പാലയുടെ ഭക്ഷണം. മറ്റു ചെറുജീവികളേയും ഇവ ഭക്ഷണമാക്കാറുണ്ട്. പ്രധാനമായും വനമേഖലയില്‍ കാണുന്ന ഇവ പൊതുവേ സൗമ്യപ്രകൃതക്കാരനാണ്.

ആവാസവ്യവസ്ഥ ഉള്‍വനത്തിലായതിനാല്‍ ഉപദ്രവകാരിയുമല്ല. മനുഷ്യസാന്നിധ്യം ഉണ്ടായാല്‍ അവിടെനിന്നും മാറിനില്‍ക്കും. ജനവാസ കേന്ദ്രങ്ങളിലെത്തിപ്പെട്ടാല്‍ ആളുകള്‍ ശല്യംചെയ്താലും നീളത്തിന്റെ മൂന്നിലൊരു ഭാഗം തറയില്‍ നിന്നുയര്‍ന്ന് പത്തി വിടര്‍ത്തി പേടിപ്പിക്കുകയല്ലാതെ കടിക്കാറില്ല.

രാജവെമ്പാലയുടെ കടിയേറ്റാല്‍ കുത്തിവെക്കാനുള്ള ആന്റിവെനം ഇന്ത്യയില്‍ നിര്‍മിക്കുന്നില്ലെന്നതും പ്രധാനപ്പെട്ട വിഷയമാണ്. തായ്‌ലാന്‍ഡില്‍നിന്നുള്ള ആന്റിവെനമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതുതന്നെ എത്രത്തോളം ഫലപ്രദമാണെന്ന് ധാരണയില്ല. കാരണം തായ്‌ലാന്‍ഡില്‍ കാണുന്ന രാജവെമ്പാലകള്‍ക്കുള്ള ആന്റിവെനമാണിത്. ഇന്ത്യയിലുള്ള രാജവെമ്പാലകള്‍ക്ക് ഇതില്‍നിന്ന് വ്യത്യാസമുണ്ടാകും. അതിനാല്‍ ഇവ നമ്മുടെ നാട്ടില്‍ എത്രത്തോളം ഫലപ്രദമാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ഇത്തരം പഠന റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. രാജവെമ്പാലയുടെ കടിയേല്‍ക്കുന്ന സംഭവങ്ങള്‍ ഇന്ത്യയില്‍ വളരെ കുറവാണ്. അപൂര്‍വമായി മാത്രമേ ഇത്തരം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. ഉപയോഗം വരാത്തതിനാലാണ് ഇതിനുള്ള ആന്റിവെനം നിര്‍മിക്കാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

വ്യാഴാഴ്ച ഉച്ചയോടെ പാമ്പിന്‍കൂട് വൃത്തിയാക്കുന്നതിനിടെയാണ് കാട്ടാക്കട അമ്പൂരി സ്വദേശി ഹര്‍ഷാദ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. 13 വര്‍ഷത്തോളമായി മൃഗശാലയില്‍ വന്യജീവികള്‍ക്കൊപ്പമായിരുന്നു ഹര്‍ഷാദിന്റെ ജീവിതം. മൃഗശാലയിലുണ്ടായിരുന്ന രാജവെമ്പാലകള്‍ ചത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് പുതിയതായി മൂന്ന് രാജവെമ്പാലകളെ മംഗളൂരുവില്‍നിന്നും എത്തിച്ചത്. മൂന്ന് മാസമായതിനാല്‍ ഹര്‍ഷാദുമായി രാജവെമ്പാല ഇണങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. കടിയേറ്റ ഉടന്‍ ഹര്‍ഷാദിന് ആന്റി വെനം കുത്തിവെപ്പ് നല്‍കിയില്ലെന്നും ജീവനക്കാര്‍ ആരോപിച്ചിരുന്നു. മൃഗശാലയിലെ ജീവനക്കാര്‍ക്ക് പാമ്പ് കടിയേറ്റാല്‍ മൃഗശാലയില്‍വെച്ചുതന്നെ ആന്റി വെനം കുത്തിവെപ്പ് നല്‍കണം. എന്നാല്‍, ഹര്‍ഷാദിന്റെ കാര്യത്തില്‍ ഇതുപാലിച്ചില്ലെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു.

സ്നേക്ക് പീഡിയ, സര്‍പ്പ ആപ്പ്

പാമ്പുകളെ തിരിച്ചറിയാനും കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ നല്‍കാനും സൗകര്യപ്രദമായുള്ള ആപ്പാണ് സ്നേക്ക് പീഡിയ. ആന്റിവെനം എവിടെയെല്ലാം ലഭിക്കും എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്. ഡോക്ടര്‍മാരും ഗവേഷകരും ചേര്‍ന്ന് നിര്‍മിച്ച ആപ്പാണിത്. റെസ്‌ക്യൂ ഓപ്പറേഷനായി വനം വകുപ്പിന്റെ സര്‍പ്പ എന്ന മൊബൈല്‍ ആപ്പും ലഭ്യമാണ്.

content highlights: king cobra bite, king cobra antivenom, king cobra venom


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented