'എന്റെ മകനേ...' ധീരജിന്റെ രക്തസാക്ഷിമണ്ഡപത്തില്‍ നെഞ്ചുപൊട്ടിക്കരഞ്ഞ് അച്ഛന്‍ 


ധീരജ് കൊല്ലപ്പെട്ടശേഷം അച്ഛനും അമ്മയും കാമ്പസില്‍ എത്തുന്നത് ആദ്യം.കുടുംബസഹായനിധി കൈമാറി

എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് ഇടുക്കി എൻജിനിയറിങ് കോളേജിൽ കുത്തേറ്റുവീണ സ്ഥലത്തുള്ള രക്തസാക്ഷി മണ്ഡപത്തിൽ മുഖം അമർത്തി കരയുന്ന അച്ഛൻ രാജേന്ദ്രൻ| ഫോട്ടോ: ശ്രീജിത്ത് പി. ആർ.

ചെറുതോണി: മകന്റെ ചോരവീണ മണ്ണിലെത്തിയപ്പോള്‍ ആ അച്ഛനമ്മമാരുടെ കാലുകളിടറി. കണ്ണുകള്‍ സങ്കടക്കടലായി.കൈകള്‍ രണ്ടും മുമ്പോട്ടുനീട്ടി 'എന്റെ മകനേ' എന്ന് വിളിച്ച് അച്ഛന്‍ രക്തസാക്ഷിമണ്ഡപത്തിലേക്ക് വീണു. പൊന്നുമകന്റെ ഓര്‍മയിലേക്ക് മുഖംചേര്‍ത്ത് പൊട്ടിക്കരഞ്ഞു.

ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജിന്റെ അച്ഛന്‍ രാജേന്ദ്രനും അമ്മ പുഷ്‌കലയും തിങ്കളാഴ്ച മൂന്നോടെയാണ് കാമ്പസിലെത്തിയത്. സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി സമാഹരിച്ച, 50 ലക്ഷം രൂപയുടെ കുടുംബസഹായനിധി ഏറ്റുവാങ്ങാനാണ് രാജേന്ദ്രനും പുഷ്‌കലയും ധീരജിന്റെ സഹോദരന്‍ അദ്വൈതും എത്തിയത്. ഇവര്‍ കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പലം സ്വദേശികളാണ്.പ്രിന്‍സിപ്പലിനെ കണ്ടപ്പോഴും ഇരുവരും നെഞ്ചുപൊട്ടിക്കരഞ്ഞു. ധീരജിന്റെ ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ നല്‍കിയാണ് അച്ഛനെയും അമ്മയെയും കോളേജ് അധികൃതര്‍ യാത്രയാക്കിയത്.

ജനുവരി 10-നാണ് ഇടുക്കി എന്‍ജിനീയറിങ് കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി ധീരജ് കൊല്ലപ്പെട്ടത്.

പഠനംതീരാന്‍ ഒരുവര്‍ഷംകൂടി ബാക്കിയുള്ളപ്പോഴായിരുന്നു സംഭവം. ധീരജ് കൊലക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്.

കാമ്പസുകളില്‍ പൊലിഞ്ഞ ജീവനുകളില്‍ മൂന്നിലൊന്നും അപഹരിച്ചത് കോണ്‍ഗ്രസ്- മുഖ്യമന്ത്രി

കേരളത്തിലെ കാമ്പസുകളില്‍ പൊലിഞ്ഞ വിദ്യാര്‍ഥിജീവനുകളില്‍ മൂന്നിലൊന്നും അപഹരിച്ചത് കോണ്‍ഗ്രസും കെ.എസ്.യു.വുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ.പ്രവര്‍ത്തകന്‍ ധീരജിന്റെ കുടുംബസഹായനിധി കൈമാറുകയായിരുന്നു അദ്ദേഹം. ധീരജിനെ മനപ്പൂര്‍വം തല്ലിക്കെടുത്തിയതാണ്. ആസൂത്രണത്തോടെയാണ് കൊലനടത്തിയത്. ചില തീവ്രവാദ സംഘടനകള്‍ക്ക് സമാനമായ മാര്‍ഗമാണ് അവര്‍ സ്വീകരിച്ചത്. കേട്ടവരെല്ലാം വേദനിച്ചു. എന്നാല്‍, കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ രക്തസാക്ഷിത്വത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധീരജിന്റെ സഹോദരന്‍ അദ്വൈതിന്റെ പഠനത്തിന് 10 ലക്ഷംരൂപയും മുഖ്യമന്ത്രി കൈമാറി. ധീരജിനൊപ്പം കുത്തേറ്റ അമലിനും അഭിജിത്തിനും പഠനാവശ്യത്തിനായി അഞ്ചുലക്ഷം രൂപ വീതവും നല്‍കി. അമലിന്റെ മാതാപിതാക്കളായ അനിലും ഷീലയും അഭിജിത്തിന്റെ മാതാപിതാക്കളായ സുനിലും ശാന്തിയും എത്തിയിരുന്നു.ചെറുതോണിയില്‍ നിര്‍മിക്കുന്ന ധീരജ് സ്മൃതിമന്ദിരത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു.

സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ് അധ്യക്ഷനായി. എം.എം.മണി എം.എല്‍.എ., സി.പി.എം.സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.ജയചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.പി.മേരി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, കൊല്ലം ജില്ലാ സെക്രട്ടറി എം.സുദേവ്, എ.രാജ എം.എല്‍.എ., എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷൊ, പ്രസിഡന്റ് കെ.അനുശ്രീ എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: killed sfi activist dheeraj parents mourns at his memorial


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented