
കരിമ്പുഴ മാതൻ | ഫോട്ടോ കടപ്പാട്: അജീബ് കോമാച്ചി
കരുളായി: ഇരുപതുവര്‍ഷം മുന്‍പത്തെ റിപ്പബ്ലിക്ദിന പരിപാടികളില്‍ കേന്ദ്രസര്‍ക്കാരിന്റെ അതിഥിയായി പങ്കെടുത്ത ആദിവാസി വയോധികന് മറ്റൊരു റിപ്പബ്ലിക്ദിനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
പ്രാക്തന ഗോത്രവിഭാഗമായ ചോലനായ്ക്കരിലെ ജനകീയമുഖമായ കരിമ്പുഴ മാതന് (67) ആണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. കരുളായി ഉള്‍വനത്തിലെ വാള്‍കെട്ടുമലയില്‍ താമസിക്കുന്ന മാതന്, ബുധനാഴ്ച റേഷന്‍ വാങ്ങിക്കുന്നതിന് മാഞ്ചീരിയിലേക്കു വരുമ്പോള്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. പ്രായാധിക്യം കാരണം ഓടാന്‍ കഴിയാത്ത മാതനെ ആന കൊന്നു.
കരുളായി അങ്ങാടിയില്‍നിന്ന് മുപ്പതുകിലോമീറ്റര്‍ അകലെ വാള്‍കെട്ടുമലയ്ക്കും പാണപ്പുഴയ്ക്കുമിടയില്‍ രാവിലെ പത്തുമണിയോടെയാണ് സംഭവം.
ആനയുടെ മുന്നില്‍നിന്ന് രക്ഷപ്പെട്ടവര്‍ കൂടുതല്‍പേരെ കൂട്ടിവന്നെങ്കിലും ആനക്കൂട്ടം സ്ഥലത്തു തമ്പടിച്ചതിനാല്‍ ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല.
ബുധനാഴ്ച സംഭവസ്ഥലത്തേക്കു പുറപ്പെട്ട അധികൃതര്‍ക്ക് വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് സ്ഥലത്തെത്താനായത്.
നിലമ്പൂര്‍ തഹസില്‍ദാര്‍ പി. രഘുനാഥ്, വഴിക്കടവ് എസ്.എച്ച്.ഒ. പി. അബ്ദുള്‍ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂക്കോട്ടുംപാടം എസ്.ഐ. ജയകൃഷ്ണന് ഇന്‍ക്വസ്റ്റും പോലീസ് ഫൊറന്‍സിക് സര്ജന് ഡോ. മെഹ്ജ് സി. ഫാത്തിമയുടെ നേതൃത്വത്തില്‍ മൃതദേഹപരിശോധനയും നടത്തി.
വൈകുന്നേരത്തോടെ ചോലനായ്ക്കരുടെ ആചാരപ്രകാരം സംസ്കാരവും നടത്തി.
എല്ലാ തിരഞ്ഞെടുപ്പിലും വോട്ടുചെയ്യാന്‍ മലയിറങ്ങിവരാറുള്ളയാളാണ് മാതന്. 2001-ലെ റിപ്പബ്ളിക്ദിന പരിപാടികളിലാണ് മാതനും ഭാര്യ കരിക്കയും പങ്കെടുത്തത്.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുരേഷ്ബാബു, കരുളായി വില്ലേജ് ഓഫീസര്‍ എന്‍.വി. ഷിബു, റെയ്ഞ്ച് ഓഫീസര്‍ നജ്മല്‍ അമീന്, പഞ്ചായത്തംഗങ്ങളായ ഇ.കെ. അബ്ദുറഹ്മാന്, ജിതിന് വണ്ടൂരാന്‍ തുടങ്ങിയവര്‍ നേതൃത്വംനല്കി.
കാട് കവര്‍ന്ന പുഞ്ചിരി
കരുളായി: ചൂരല്ക്കൊട്ടയുമേന്തി, ചുണ്ടിലൊരു പുഞ്ചിരിയുമായല്ലാതെ കരിന്പുഴ മാതനെ മാഞ്ചീരിക്കാട്ടില് കാണാറില്ല. ബുധനാഴ്ച തന്റെ നേര്‍ക്ക് കൊലവിളിയുമായെത്തിയ കാട്ടാനയെ നോക്കിയും മാതന് ഇതേ ചിരി ചിരിച്ചിട്ടുണ്ടാകും. പതിറ്റാണ്ടുകളായി താന്‍ നടന്നുതീര്‍ത്ത കാട്ടുവഴികളില്‍, വീടുപോലെ സുപരിചിതമായ കാട്ടില്‍ തന്നെ കാത്ത് മരണം നില്‍ക്കുമെന്ന് ഈ ചോലനായ്ക്ക മൂപ്പന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

ബുധനാഴ്ചകളില്‍ മാതന്റെ പതിവ് ഇതായിരുന്നില്ല. വാള്കെട്ടുമലയിലെ താമസസ്ഥലത്തുനിന്ന് പത്തു കിലോമീറ്റോളം ദൂരം കാല്‍നടയായെത്തി മാഞ്ചീരിയിലെത്തി റേഷന്‍ വാങ്ങിപ്പോവുക എന്നതായിരുന്നു പതിവ്. കുടിയില്‍ തന്നേക്കാള്‍ അവശയായി ഭാര്യ കരിക്ക കിടപ്പിലാണ്. പട്ടിണിയാകാതിരിക്കാന്‍ ചൂരല്ക്കൊട്ടയുമായി എല്ലാ ബുധനാഴ്ചകളിലും മാതന് റേഷന്‍ വാങ്ങാനെത്തും.
ബുധനാഴ്ച പക്ഷേ, റേഷന്‍ വാങ്ങാന്‍ മാതന് വന്നില്ല. ആരുമറിഞ്ഞില്ല. കാടിന്റെ മറ്റൊരു കോണില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ട് ആ ജീവന് പൊലിഞ്ഞ കാര്യം. കാട്ടറിവുകളുടെ കലവറയും കാടിനെ അടുത്തറിയുന്നയാളുമായ മാതന് ഇങ്ങനെയൊരു ദുരന്തമുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നുമില്ല. ട്രക്കിങ്ങിനു പോകുന്ന വനപാലകരുള്പെടെയുള്ളവര് വഴികാട്ടിയായി മാതനെയാണ് കൂട്ടിയിരുന്നത്. വിശ്വസ്തനും ധീരനുമായിരുന്നു മാതനെന്ന് പലകുറി ഇദ്ദേഹത്തോടൊപ്പം ട്രക്കിങ്ങിനു പോയ മുന്‍ മാഞ്ചീരി വി.എസ്.എസ്. സെക്രട്ടറി കെ.എ. അബ്ദുല്‍ റഷീദ് പറഞ്ഞു. വന്യമൃഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തനിച്ചുപോയി നോക്കി ഇല്ലെന്നുറപ്പുവരുത്തി ഒരു പോറല്‍പോലുമേല്‍പ്പിക്കാതെ എത്രയെത്ര സംഘങ്ങളെയാണ് മാതന് ആനയും പുലിയും കടുവയും കരടിയുമുള്ള ഈ കാട്ടിലൂടെ നയിച്ചിട്ടുള്ളത്. അങ്ങനെയുള്ള മാതന് ആനയ്ക്കുമുമ്പില് അകപ്പെട്ടുവെന്നത് കാടൊളിപ്പിച്ചുവെച്ച മറ്റൊരു വൈചിത്രമാകാം.
സര്‍ക്കാര്‍ രേഖകളില്‍ മാതന് പ്രായം എഴുപത്. എണ്‍പതിനുമുകളില്‍ വരുമെന്ന് ബന്ധുക്കള്‍ പറയുന്നു. ചോലനായ്ക്കരിലെതന്നെ തലമുതിര്‍ന്നൊരാളെയാണ് റിപ്പബ്ലിക് ദിനത്തില്‍ കാടിനു നഷ്ടമായത്.
രണ്ടു പതിറ്റാണ്ട്; ജീവന്
: രണ്ടു പതിറ്റാണ്ടിനിടെ ആനയുടെ ആക്രമണത്തില്‍ മരിക്കുന്ന നാലാമത്തെ ചോലനായ്ക്കനാണ് കരിമ്പുഴ മാതന്. 2017-ല്‍ കുപ്പമല കേത്തന്റെ മകന് ശിവനെ ആന ചവിട്ടിക്കൊന്നു. അതിനും 13 വര്‍ഷം മുന്‍പ് വീരന്-ജക്കി ദമ്പതിമാരുടെ കുട്ടികളെയും ആന വകവരുത്തി. ആനയുടെ ആക്രമണത്തില്‍ മറ്റു ആദിവാസികളും നാട്ടുകാരും ഇടയ്ക്കിടെ കൊല്ലപ്പെടാറുണ്ടെങ്കിലും കൊടുങ്കാട്ടില്‍ കഴിയുന്ന ചോലനായ്ക്കര്‍ അപൂര്‍വമായേ ആക്രമണത്തിന് ഇരയാകാറുള്ളൂ.
മറ്റു വനവാസികളെ അപേക്ഷിച്ച് വന്യമൃഗങ്ങളുടെ വിഹാരം അധികമുള്ള ഉള്‍വനത്തിലാണ് ചോലനായ്ക്കര്‍ വനവിഭവശേഖരണം നടത്തുന്നതും വസിക്കുന്നതും. മൃഗങ്ങളുടെ സ്വഭാവവും സാന്നിധ്യവുമെല്ലാം ഇവര്‍ക്ക് കൃത്യമായിട്ടറിയാം.
അതനുസരിച്ചുള്ള സഞ്ചാരവും ജീവിതവുമാണ് ഇവരുടേത്. മിക്കവാറും ഇവര്‍ അര്‍ധനഗ്നരായിരിക്കും. പാദരക്ഷകള്‍ ധരിക്കില്ല. അനാവശ്യമായി ഒരു വാക്കുപോലും ഉരിയാടില്ല. ഇതൊക്കെ അതിജീവനത്തിന്റെ വഴികളാണ്. കരിയില ഞെരിയുന്ന ശബ്ദം പോലും ഇവര്‍ കാട്ടിലൂടെ നടക്കുമ്പോള്‍ കേള്‍ക്കില്ല. ഇവരുടെ കാല്പാദം പോലും അതിനു പരുവപ്പെട്ടിട്ടുണ്ട്.
എത്രപേരുണ്ടെങ്കിലും കൂട്ടംകൂടിനടക്കില്ല. ജാഥപോലെയേ നടന്നുനീങ്ങൂ. കാട്ടിലൂടെ നടക്കുമ്പോഴും വനവിഭവശേഖരണം നടത്തുമ്പോഴും ചില പ്രത്യേക ശബ്ദങ്ങളിലൂടെയാണ് ആശയവിനിമയം. ഗന്ധംകൊണ്ടും ശബ്ദംകൊണ്ടും പരിസരവീക്ഷണത്തിലൂടെയുമാണ് വന്യമൃഗങ്ങളുടെ സാമീപ്യം തിരിച്ചറിയുന്നത്. അപൂര്‍വമായി വന്യമൃഗങ്ങളുമായി മുഖത്തോടുമുഖം വന്നാല്‍ രക്ഷപ്പെടാന്‍ പല മാര്‍ഗങ്ങളുണ്ട്.
അധികവും പരിക്കേല്‍ക്കാതെ രക്ഷപ്പെടാറാണ് പതിവ്. ആനയെ കണ്ടാല്‍ വേഗത്തില്‍ മാറാറാണ് പതിവെന്ന് പൂച്ചപ്പാറ കരിയന്‍ പറഞ്ഞു. ചിലര്‍ മരത്തില്‍ കയറിയും രക്ഷപ്പെടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..