തിരുവനന്തപുരം: കിഫ്ബിയുടെ പദ്ധതികളെക്കുറിച്ച് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ നിയമസഭയില്‍ നടത്തിയ വൈകാരിക പരാമര്‍ശത്തിന് കിഫ്ബിയുടെ മറുപടി. വെഞ്ഞാറമ്മൂട് പാലത്തിന്റേത് 25.03 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണെന്നും രണ്ടു തവണ ടെന്‍ഡര്‍ വിളിച്ച പദ്ധതി ഇപ്പോള്‍ ടെന്‍ഡര്‍ പൂര്‍ത്തീകരണഘട്ടത്തില്‍ എത്തിയിട്ടുണ്ടെന്നും കിഫ്ബി വ്യക്തമാക്കി.

ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകുന്നതോടെ പദ്ധതി പെട്ടെന്നുതന്നെ പൂര്‍ത്തീകരിക്കാന്‍ കഴിയും.ഏനാത്ത്- പത്തനാപുരം റോഡിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത് ഗുണനിലവാരം ഉറപ്പാക്കാനാണെന്നും കിഫ്ബി  മറുപടി നല്‍കി. 13.6 മീറ്റര്‍ വീതിയില്‍ ചെയ്യാന്‍ ഡിപിആറും എസ്റ്റിമേഷനും തയാറായ പദ്ധതിയില്‍ പലയിടത്തും ഈ റോഡിന് ആറ് മീറ്റര്‍ മാത്രമാണ് വീതിയുള്ളത് . ഇത് അനുവദിക്കനാവില്ലെന്നും കൃത്യമായ വീതി ഉറപ്പാക്കാനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നും കിഫ്ബി പറയുന്നു. 

വെഞ്ഞാറമ്മൂട് ജങ്ഷനിലെ തിരക്കില്‍ പെട്ടതു കാരണം തന്റെ പ്രിയപ്പെട്ട അമ്മയുടെ മരണസമയത്ത് എത്താന്‍ കഴിയാതെ പോയതിന്റെ അനുഭവവമാണ് കെ.ബി. ഗണേഷ്‌കുമാര്‍ വൈകാരികമായി സഭയില്‍ അവതരിപ്പിച്ചത്. കിഫ്ബിയെക്കുറിച്ചുള്ള പരാമര്‍ശം എംഎല്‍എമാരുടെ പൊതുവികാരമായി കാണണമെന്ന് എ.എന്‍.ഷംസീര്‍ എംഎല്‍എയും നിലപാടെടുത്തിരുന്നു.

content highlights: kiifbi's replied to mla k.b.ganesh kumar