File Photo | UNI
തിരുവനന്തപുരം: കിഫ്ബിയിലെ വിവാദമായ സി.എ.ജി. റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉള്‍ക്കൊള്ളുന്ന, ധനമന്ത്രി തോമസ് ഐസക്ക് നേരത്തെ ഉള്ളടക്കം പരസ്യമാക്കിയെന്ന് ആരോപണമുയര്‍ന്ന സി.എ.ജി. റിപ്പോര്‍ട്ടാണ് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്.
ഭരണഘടനാവ്യവസ്ഥകള്‍ പാലിക്കാതെയാണ് കിഫ്ബി വായ്പയെടുക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കിഫ്ബി സംസ്ഥാനത്തിന്റെ പ്രത്യക്ഷ ബാധ്യതയാണെന്നും മസാലബോണ്ട് ബാഹ്യമായ കടമെടുപ്പാണെന്നും സി.എ.ജി. വ്യക്തമാക്കുന്നു.
കിഫ്ബിയുടെ കടമെടുപ്പ് ആകസ്മിക ബാധ്യതയാണെന്ന സര്‍ക്കാരിന്റെ വാദം സി.എ.ജി. പൂര്‍ണമായും തള്ളിയിട്ടുണ്ട്. ആകസ്മിക ബാധ്യതയാണെന്ന സര്‍ക്കാര്‍ നിലപാട് ആശ്ചര്യകരമാണെന്നാണ് സി.എ.ജി.യുടെ പരാമര്‍ശം. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ല. അതിനാല്‍ കടമെടുപ്പ് തനതുവരുമാനത്തിലെ ബാധ്യതയാകും. കിഫ്ബി റവന്യൂവിഭവങ്ങള്‍ക്ക് മേല്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിഫ്ബി കടമെടുപ്പ് പരിധിയെ ബൈപ്പാസ് ചെയ്‌തെന്നും, ഓഫ്ബജറ്റ് കടമെടുപ്പുകളെയാണ് പ്രതിനിധീകരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
കിഫ്ബിയുടെ മസാലബോണ്ടിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ രൂക്ഷമായ വിമര്‍ശനമുണ്ട്. കിഫ്ബിയുടെ കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. എന്നാല്‍ വിദേശ കടമെടുപ്പിനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. അതിനാല്‍ കേരളത്തിന്റെ നടപടി കേന്ദ്രത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. കേരളത്തിന്റേത് ഇല്ലാത്ത അധികാരമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ കേരളം മറികടന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം മാതൃക മറ്റുസംസ്ഥാനങ്ങളും പിന്തുടര്‍ന്നാല്‍ കേന്ദ്രം അറിയാതെ രാജ്യത്തിന്റെ ബാധ്യതകള്‍ വര്‍ധിക്കുമെന്നും സി.എ.ജി. ആശങ്കപ്രകടിപ്പിച്ചുണ്ട്.
Content Highlights: kiifb cag report submitted in assembly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..