തിരുവനന്തപുരം: മസാലബോണ്ട് വഴി പണം സമാഹരിക്കുന്നത് നിയോ ലിബറല്‍ നയമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. മസാല ബോണ്ട് കെയ്‌നീഷ്യന്‍ നയമാണെന്നും, മസാല ബോണ്ട് എന്നെല്ലാം കേള്‍ക്കുമ്പോള്‍ വേവലാതി വെറുതെയാണെന്നും തോമസ് ഐസക്ക് നിയമസഭയില്‍ പറഞ്ഞു. 

9.723 ശതമാനം താഴ്ന്ന പലിശയാണെന്ന് അവകാശവാദമില്ല. കമ്പോളത്തില്‍നിന്ന് വായപയെടുക്കണമെങ്കില്‍ ഈ പലിശയില്‍ വായ്പയെടുക്കേണ്ടിവരും. പശ്ചാത്തലസൗകര്യങ്ങള്‍ വികസിച്ചാല്‍ സ്വകാര്യ നിക്ഷേപത്തെ കേരളത്തിലേക്ക് ആകര്‍ഷിക്കും- തോമസ് ഐസക്ക് വ്യക്തമാക്കി. 

വായ്പയുടെ തിരിച്ചടവില്‍ ആശങ്ക വേണ്ടെന്നും അത് നേരത്തെ സഭയില്‍ വിശദീകരിച്ച് ഐക്യകണ്‌ഠേന അംഗീകരിച്ചതാണെന്നും ധനമന്ത്രി പറഞ്ഞു. മോട്ടോര്‍ വാഹന നികുതിയുടെ അമ്പത് ശതമാനം വരെയും പെട്രോളിന്റെ സെസും കിഫ്ബിക്ക് ഗ്രാന്റായി നല്‍കും.

2030-ല്‍ വായ്പയുടെ തിരിച്ചടവ് തീര്‍ക്കണം. ഈ ഗ്രാന്റ് ഉപയോഗിച്ച് അത് കൊടുത്തുതീര്‍ക്കാം. അതിന് കഴിയുമെന്ന് സാമ്പത്തിക വിദഗ്ധരടക്കം കണ്ടെത്തിയതാണ്. നേരത്തെ പാസാക്കിയ നിയമത്തില്‍ പറയുന്നത് പോലെ പണം നല്‍കിയാല്‍ മതി- മന്ത്രി മറുപടി നല്‍കി. 

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴത്തേക്കാള്‍ പൊതുകടം കൂടിയിട്ടുണ്ടെന്നും എന്നാല്‍ കടത്തിന്റെ വലിപ്പം കണക്കാക്കേണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വരുമാനത്തിന് ആനുപാതികമായിട്ടാണോ കടംകൂടുന്നതെന്ന് നോക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: kifbi masala bond, special discussion in kerala assembly, minister thomas issac explains