തിരുവനന്തപുരം: മസാലബോണ്ടുമായി ബന്ധപ്പെട്ട് കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് നടപടിക്കെതിരേ കിഫ്ബി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും നടപടിയില്‍ നിന്ന് പിന്‍മാറണമെന്നും ഇ.ഡിക്ക് അയച്ച മറുപടിയില്‍ കിഫ്ബി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ വിളിപ്പിച്ച കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രംജിത്ത് സിങ് വ്യാഴാഴ്ച ഇ.ഡിക്ക് മുന്നില്‍ ഹാജരായേക്കില്ല. 

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് ഇ.ഡിക്ക് കിഫ്ബി അധികൃതര്‍ മറുപടി നല്‍കിയത്. ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്കും ആരോപിച്ചിരുന്നു. 

കിഫ്ബി ഡെപ്യൂട്ടി ഡയറക്ടറര്‍ക്ക് പുറമേ കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനോട് വെള്ളിയാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനും ഇ.ഡി നിര്‍ദേശം നല്‍കിയിരുന്നു. ഇഡി നടപടിയില്‍ സര്‍ക്കാര്‍ സ്വരം കടുപ്പിച്ച സാഹചര്യത്തില്‍ കെ.എം എബ്രഹാമും അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരായേക്കില്ല.

content highlights: KIFB reply to  Enforcement Directorate against Masalabond case