തൃശൂര്‍: അക്കാദമിക്കെതിരെയല്ല, വര്‍ഗീയ ഫാസിസത്തിന് എതിരെയാവണം എഴുത്തുകാരുടെ പ്രതിഷേധവും ഐക്യവും വേണ്ടതെന്ന് കവി കെ.ജി. ശങ്കരപ്പിള്ള. എങ്കിലും എഴുത്തുകാരുടെ കൊലപാതകങ്ങളില്‍ അക്കാദമി മിണ്ടാതിരുന്നതാണ് എഴുത്തുകാരെ ഈ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്. അക്കാദമിയുടെ അധീരമൗനവും ജഡതയുമാണ് ഇതിനു കാരണം. വര്‍ഗീയ ഫാസിസത്തിനെതിരെ പ്രതികരിക്കാതിരുന്നതാണ് അക്കാദമിയെ ദുര്‍ബലമാക്കിയത്. കല്‍ബുര്‍ഗിയുടെ രചനകള്‍ ദേശീയതലത്തില്‍ ലഭ്യമാക്കണമെന്നും കെ.ജി.എസ്. ആവശ്യപ്പെട്ടു.

കെ.ജി.എസിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം

അക്കാദമിക്കെതിരെയല്ല വര്‍ഗീയഫാസിസത്തിനെതിരെയാവണം എഴുത്തുകാരുടെ ഐക്യവും പ്രതിഷേധവും. അക്കാദമിക്കെതിരെ ആയതിന് കാരണം അക്കാദമി ജനശത്രുവോ കൊലയാളിയോ ആയതല്ല. വേണ്ടപ്പോള്‍ വേണ്ടത് പറയാന്‍ തോന്നാത്ത അക്കാദമിയുടെ അധീരമൗനവും ജഡതയുമാണതിന് കാരണം. വേണ്ടാത്തവ വളര്‍ത്തുകയും വേണ്ടുന്നവ കൊന്നൊടുക്കുകയും ചെയ്യുന്ന വര്‍ഗീയതീവ്രവാദമാണ് കൊലയാളി. വെറുപ്പിന്റെ സിദ്ധാന്തവും പ്രയോഗവുമായ വര്‍ഗീയതീവ്രവാദം.

വര്‍ഗീയഫാസിസത്തിനെതിരേ പ്രതികരിക്കാതിരുന്നതും അക്കാദമിയുടെ അര്‍ത്ഥം ദുര്‍ബ്ബലമാക്കി. വര്‍ഗീയതീവ്രവാദിയുടെ നോട്ടം വെറുപ്പിന്റെ. ഭാഷ വെറുപ്പിന്റെ. യുക്തി വെറുപ്പിന്റെ. വഴി വെറുപ്പിന്റെ. ചെയ്തി വെറുപ്പിന്റെ. ചിന്തിക്കുകയും വിമര്‍ശിക്കുകയും വവിയോജിക്കുകയും പുതിയ ആശയങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന തലയുടെ ഉന്മൂലനം പണ്ടു പണ്ടേ വെറുപ്പിന്റെ നയം. എഴുത്തുകാര്‍ ആക്രമിക്കപ്പെടുമ്പോഴും കൊല്ലപ്പെടുമ്പോഴും സര്‍ഗാത്മകതയും വിശ്വാസസ്വാതന്ത്ര്യവും മരണവ്യൂഹങ്ങളില്‍ വീഴ്ത്തപ്പെടുമ്പോഴും എന്തെങ്കിലും സംഭവിക്കുന്നതായി തോന്നിയില്ല അക്കാദമിക്ക്. എഴുത്തുകാരുടെ വിശ്വാസത്തിന്റെ വില അവരുടെ ജീവന്റെ വില. പറയേണ്ടത് പറയാനും പാടേണ്ടത് പാടാനുമുള്ള സ്വാതന്ത്ര്യം ശ്വസിക്കാതെ വയ്യ. ഡോ.കല്‍ബുര്‍ഗി മരിച്ചതല്ല, കൊല്ലപ്പെട്ടതാണ്. അനുശോചനവും പൂക്കളും പോരാ. കൊലയ്‌ക്കെതിരെ അതിശക്തിയായ പ്രതിഷേധം വേണം. കൊല്ലപ്പെട്ടവന് നീതി കിട്ടണം. കൊല്ലാനാവാത്തതായി കല്‍ബുര്‍ഗി
ബാക്കിവെച്ച ചിലതുണ്ട്. അക്കാദമി അതറിയണം. ദേശീയതലത്തില്‍ കല്‍ബുര്‍ഗിയുടെ രചനകള്‍ സുലഭമാക്കണം. ഗവേഷണത്തിന്റെയും പാരമ്പര്യപഠനത്തിന്റെയും ജ്ഞാനോല്പാദനത്തിന്റെയും മേഖലകളില്‍ അര്‍ഹമായ ദേശീയ ഇടവും ആദരവും കല്‍ബുര്‍ഗിക്ക് കിട്ടണം. സര്‍ഗ്ഗാത്മകമായി മനസ്സിലക്കപ്പെടലും സംസ്‌കാരത്തിലേക്ക് സ്വാംശീകരിക്കപ്പെടലും ശാരീരികമായി ഇല്ലാതാക്കപ്പെട്ടവന്റെ നൈതികാവകാശം.

പ്രതിഭയുടെ ഈ അതിജീവനമാണ് ഫാസിസത്തിനെതിരേ ഇനി അക്കാദമിക്ക് ചെയ്യാവുന്ന അര്‍ത്ഥമുള്ള ഒരു പ്രതിരോധ പ്രായശ്ചിത്തം. അക്കാദമിയില്‍നിന്ന് എഴുത്തുകാരും ഇന്ത്യന്‍ സമൂഹങ്ങളും ഇങ്ങനെ ചിലത് പ്രതീക്ഷിക്കുന്നു.

മോദി ഒരു കൈ കൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ വേരറുക്കുന്നു: സക്കറിയ