വി.അബ്ദുറഹ്മാൻ | ചിത്രം: facebook.com|vabdurahman
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കെ-ഫോണ്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി ജനങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് കെ-ഫോണിലൂടെ എല്ലാ ജനങ്ങള്‍ക്കും അറിവിന്റെ വാതില്‍ തുറന്നിടാനാകുമെന്നും വി. അബ്ദുറഹ്മാന്‍ പറഞ്ഞു.
ഇതോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക്‌ചെയിന്‍, തുടങ്ങി നിരവധി മേഖലകളില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിയിലൂടെ കേരളത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം വരുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ വഴി സൗജന്യമായും കുറഞ്ഞ ചെലവിലും കേരളത്തിലെ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് കെ-ഫോണ്‍ പദ്ധതി. ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലുമാണ് ആദ്യം ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തുക. കെഎസ്ഇബിയും (KSEB) കെഎസ്‌ഐറ്റിഐഎല്‍ (KSITIL)ഉം ചേര്‍ന്നുള്ള സംയുക്ത സംരംഭമായ കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
Content Highlights: K-fon project will become a reality soon says minister V Abdurahiman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..