തിരുവനന്തപുരം: കെവിന്‍ കൊലക്കേസില്‍ അസാധാരണ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പോലീസുകാരെ സേനയില്‍ നിന്ന് പിരിച്ചുവിടാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഗാന്ധി നഗര്‍ എസ് ഐ അടക്കം കേസില്‍ വീഴ്ച വരുത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടാന്‍ ആലോചിക്കുന്നത്.
കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഒത്താശ നല്‍കിയതിന് പോലീസുകാർ നിലവില്‍ സസ്‌പെന്‍ഷനിലാണ്. ഇതില്‍ ഗുരുതര വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്‌ഐ ഷിബു, എഎസ്‌ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവരെയാണ് പിരിച്ചുവിടാന്‍ ആലോചിക്കുന്നത്. പോലീസ് സേനയ്ക്ക് ആകെ കളങ്കമുണ്ടാക്കിയ സംഭവമെന്ന നിലയ്ക്കാണ് കര്‍ശന നടപടിക്ക് നീക്കം നടക്കുന്നത്.
ഇതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. പ്രതികളെ സഹായിച്ചതിന് പിന്നാലെ പണം വാങ്ങിയതായും കണ്ടെത്തിയതിനെ തുടര്‍ന്ന് ബിജുവിനെയും അജയകുമാറിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Content Highlight: Kevin Murder Case, Kerala Police, Gandhinagar Police station, Pinarayi Vijayan