കോട്ടയം: കെവിന്‍ വധക്കേസില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി. എ.എസ്.ഐ ടി.എം.ബിജുവിനെ പിരിച്ചുവിട്ടു. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റേതാണ് നടപടി. പോലീസ് ഡ്രൈവര്‍ എം.എന്‍.അജയകുമാറിനെതിരെയും നടപടിയുണ്ട്. ഒപ്പമുണ്ടായിരുന്ന അജയകുമാറിന്റെ മൂന്ന് വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കാനും ഉത്തരവിട്ടിട്ടുണ്ട്. കെവിന്‍ കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. 

ഇവരെ കൂടാതെ മുന്‍ എസ്.ഐ എം.എസ്.ഷിബു, റൈറ്റര്‍ സണ്ണിമോന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം തുടരുകയാണ്. കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസിന്റെ വീഴ്ച ഏറെ വിവാദമായിരുന്നു. കേസ് ഒത്തുതീര്‍ക്കുന്നതിനായി ഗാന്ധി നഗര്‍ പോലീസ് നടത്തിയ ഇടപെടലുകളാണ് കെവിനെ തട്ടിക്കൊണ്ടുപോകലിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.

കെവിനെ തട്ടിക്കൊണ്ടു പോകുന്നതിനായി ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും അക്രമി സംഘവും മന്നാനത്ത് എത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ബിജുവും അജയ്കുമാറും ഇവരെ കണ്ടിരുന്നു. സംഘത്തില്‍ നിന്ന് ബിജു രണ്ടായിരം രൂപ കൈക്കൂലിയും വാങ്ങിയ ബിജു അവസരോചിതമായി പ്രവര്‍ത്തച്ചിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കോട്ടയം പോലീസ് മേധാവിയുടെ നടപടി.

ഡിവൈ.എസ്.പി. ആര്‍.പാര്‍ത്ഥ3സാരഥി പിള്ളയാണ് പോലീസ് വീഴ്ച സംബന്ധിച്ച അന്വേഷണം നടത്തിയത്. ഗുരുതര വീഴ്ച വരുത്തിയ ഗാന്ധി നഗര്‍ എസ്.ഐ എം.എസ്.ഷിബു, റൈറ്റര്‍ സണ്ണിമോന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം തുടരുന്നതിനൊപ്പം ക്രിമനല്‍ കേസും തുടരും.