തിരുവനന്തപുരം: ഡീസലിനും പെട്രോളിനും പാചകവാതകത്തിനും പിന്നാലെ മണ്ണെണ്ണയ്ക്കും വില കുത്തനേ കൂട്ടി. ഒറ്റയടിക്ക് എട്ട് രൂപയാണ് ഒരു ലിറ്ററിന് കൂട്ടിയത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വര്‍ധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 

നവംബര്‍ മാസം മുതല്‍ പുതുക്കിയ വിലയാണ് കമ്പനികള്‍ ഈടാക്കുന്നത്. മണ്ണെണ്ണയ്ക്ക് പുതിയ വിലയാണ് റേഷന്‍ വ്യാപാരികളില്‍ നിന്ന് എണ്ണ കമ്പനികള്‍ ഈടാക്കുന്നത്. മുന്‍ഗണനാ മുന്‍ഗണനേതര അങ്ങനെ എല്ലാ വിഭാഗക്കാര്‍ക്കും പുതിയ വിലയാണ് നല്‍കേണ്ടി വരുക. 

45 രൂപയാണ് മണ്ണെണ്ണയുടെ അടിസ്ഥാന വില. ഇതിനൊപ്പം ഡീലര്‍ കമ്മീഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിരക്ക്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജിഎസ്ടി നികുതി രണ്ടരശതമാനം വീതം ഇതെല്ലാം അടങ്ങുന്ന ഹോള്‍സെയില്‍ നിരക്കാണ് 51 രൂപ. ഇത് ജനങ്ങളിലേക്ക് എത്തുമ്പോള്‍ 55 രൂപയാകും. 

പെട്രോളിന് 37 പൈസയാണ് ഇന്ന് കൂട്ടിയത്. സെപ്റ്റംബര്‍ 24 ന് ശേഷം കേരളത്തില്‍ പെട്രോളിന് മാത്രം കൂടിയത് 8.86 രൂപയും ഡീസലിന് 10.33 രൂപയുമാണ് കൂടിയത്. ഇക്കാലത്തിനിടെ പെട്രോളിന് 27 തവണയും ഡീസലിന് 29 തവണയും വില കൂട്ടി. ഇന്നത്തെ വില വര്‍ധനയോടെ പെട്രോളിന് തിരുവനന്തപുരത്ത് 112.41 രൂപയായി.

വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചകവാതക സിലിന്‍ഡറിന് തിങ്കളാഴ്ച 268 രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ 1994 രൂപയായി. ഗാര്‍ഹിക സിലിന്‍ഡറിന്റെ (14.2 കിലോ) വില 906.50 രൂപയില്‍ തുടരുന്നു. അഞ്ചുകിലോഗ്രാം സിലിന്‍ഡറിന് 73.5 രൂപ കൂട്ടി, 554.5 രൂപയായി. ഈവര്‍ഷം മാത്രം വാണിജ്യ സിലിന്‍ഡറിന് 400 രൂപയിലധികവും ഗാര്‍ഹിക എല്‍.പി.ജി.ക്ക് 205 രൂപയോളവും കൂട്ടി.

പ്രകൃതിവാതകവില കത്തിക്കയറുന്നു, കിലോഗ്രാമിന് 70 രൂപ. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പ്രകൃതിവാതകവില കുതിച്ചുയരുന്നു. തൃശ്ശൂരിലെ പമ്പുകളില്‍ നവംബര്‍ ഒന്നിന് കിലോഗ്രാമിന് 70 രൂപയെത്തി. രണ്ടുമാസത്തിനിടെ പത്തുരൂപയാണ് ഉയര്‍ന്നത്.

പാചകവാതകം ആറുമാസത്തെ വില (കൊച്ചിയിലെ നിരക്ക് അടിസ്ഥാനത്തില്‍)

മാസം - ഗാര്‍ഹികം - വാണിജ്യം

ജൂണ്‍ 01 - 816.00 - 1,466.00

ജൂലായ് 01 - 841.00 - 1,550.00

ഓഗസ്റ്റ് 01 - 841.50 - 1,623.00

ഓഗസ്റ്റ് 18 - 866.00 - 1,618.00

സെപ്റ്റംബര്‍ 01 - 891.50 - 1,692.50

ഒക്ടോബര്‍ 01 - 891.50 - 1,728.00

ഒക്ടോബര്‍ 06 - 906.50 - 1,726.00

നവംബര്‍ 01 - 906.50 - 1,994.00

ഇന്ധന വില കുതിച്ചത് ഇങ്ങനെ (തിരുവനന്തപുരത്തെ നിരക്ക്)

വര്‍ഷം - മാസം - പെട്രോള്‍- ഡീസല്‍

2021 ജനുവരി1 - 85.72 - 79.65

2021 ഫെബ്രുവരി1 - 88.33 - 82.42

2021 മാര്‍ച്ച്1 - 93.05 - 87.53

2021 ഏപ്രില്‍1 - 92.44 - 86.90

2021 മേയ്1 - 92.28 - 86.75

2021 ജൂണ്‍1 - 96.47 - 91.74

2021 ജൂലായ് - 100.79 - 95.74

2021 ഓഗസ്റ്റ്1  - 103.82 - 96.47

2021 സെപ്റ്റംബര്‍1 - 103.56 - 95.53

2021 ഒക്ടോബര്‍1 - 104.13 - 97.03

2021 നവംബര്‍1 - 112.07 - 105.85