തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ 14 മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കൂടി വിദേശ പര്യടനത്തിന് പോകുമ്പോള്‍ സംസ്ഥാനത്തെ പ്രളയദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പാടേ താളം തെറ്റുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന്‍. 

ചികിത്സാര്‍ഥമുള്ള മുഖ്യമന്ത്രിയുടെ യാത്ര ഒഴിവാക്കാനാവാത്തതാണെങ്കില്‍ മന്ത്രിമാരുടെ യാത്ര അസമയത്തുള്ളതാണ്. കേരളം പ്രളയക്കെടുതിയില്‍ നിന്ന് പിച്ചവെച്ച് തുടങ്ങുന്നതേയുള്ളു. ആയിരങ്ങള്‍ ഇനിയും ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കേണ്ട ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമാണ് വിദേശത്തേക്ക് പോകുന്നത്. ഇപ്പോഴത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മന്ത്രിമാരുടെ വിദേശയാത്ര മാറ്റിവെക്കണമെന്നും ഹസ്സന്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

കേരളത്തിന് പുറത്തും വിദേശത്തുമുള്ള മലയാളികള്‍ കയ്യയച്ചു സഹായിച്ച പണം ഇതിനോടകം വന്‍തോതില്‍ ദുരിതാശ്വാസ നിധിയില്‍ എത്തിക്കഴിഞ്ഞു. ഇതെല്ലാം ഓണ്‍ലൈനില്‍ ചെയ്ത കാര്യങ്ങളാണ്. തുടര്‍ന്നും ഈ രീതിയില്‍ വിഭവസമാഹരണം നടത്താന്‍ സാധിക്കുമെന്ന് ഹസ്സന്‍ ചൂണ്ടിക്കാട്ടി. 

പ്രളയക്കെടുതിയിലേക്ക് നല്‍കുന്ന പണം വിനിയോഗിക്കാന്‍ അതിന് മാത്രമായി പ്രത്യേക അക്കൗണ്ട് അടിയന്തരമായി തുറക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.