കൊച്ചി: ആലുവയില്‍ ഭര്‍തൃപീഡനം മൂലം അഭിഭാഷക വിദ്യാര്‍ത്ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തത് ദാരുണമായ സംഭവമാണെന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. വനിതാ കമ്മിഷന്‍ മൊഫിയയുടെ വീട് സന്ദര്‍ശിക്കും.

മൊഫിയയോട് നീതിരഹിതമായ സമീപനം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഡിവൈഎസ്പിക്ക് വനിതാ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പറഞ്ഞു. 

മൊഫിയ പീഡനത്തെ സംബന്ധിച്ച് ദേശീയ വനിതാ കമ്മിഷന് പരാതി നല്‍കിയിരുന്നു. പോലീസിന് നേരത്തെ നല്‍കിയ പരാതിയുടെ പകര്‍പ്പ് വനിതാ കമ്മിഷന് ലഭിച്ചിരുന്നു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. 

ജില്ലയില്‍ താരതമ്യേന പരാതികള്‍ വര്‍ദ്ധിക്കുന്നുണ്ട്. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതി ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

ഒരു മാസം മുന്‍പാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ മൊഴിയെടുപ്പിക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വിളിപ്പിച്ചത്. എന്നാല്‍ സി ഐ മോശമായി പെരുമാറിയെന്നും പരാതി അവഹേളിച്ചുവെന്നും മൊഫിയയുടെ പിതാവ് ആരോപിക്കുന്നു. സി ഐക്കെതിരേ നടപടി സ്വീകരിക്കണമെന്ന് യുവതിയുടെ ആത്മഹത്യാകുറിപ്പിലും വ്യക്തമാക്കുന്നുണ്ട്. തൊടുപുഴയില്‍ സ്വകാര്യ കോളേജില്‍ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് മൊഫിയ. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്.

Content Highlights: Kerala Women's Commission on Mofia Parveen Suicide