തിരുവനന്തപുരം: അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമ, മെറിന്‍ ജോസഫ്, സോണിയ സെബാസ്റ്റിയന്‍,റഫീല എന്നിവരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന അഫ്ഗാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഇന്ത്യ തള്ളിയതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണ് എന്ന ചോദ്യത്തിനാണ് വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി മറുപടി നല്‍കിയത്.

നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഒരു പ്രശ്‌നമാണത്. അതിന്റെ ഭാഗമായിക്കണ്ട് നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് കൂടുതല്‍ മനസിലാക്കേണ്ടതുണ്ട്. ഈ പറയുന്നവര്‍ അവിടുത്തെ ജയിലിലാണ് കഴിയുന്നത്. അവര്‍ ഇങ്ങോട്ട് വരാന്‍ തയ്യാറുണ്ടോ എന്ന് അറിയേണ്ടതുണ്ട്. അതുപോലെ കുടുംബത്തിന്റെ അഭിപ്രായവും ആരായാന്‍ തയ്യാറാകണം.

അങ്ങനെയൊക്കെക്കൂടി ഒരു പൊതുവായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യങ്ങളെല്ലാം പരിഗണിച്ചുവേണം നിലപാട് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Afghan Jail Kerala women CM Pinarayi Vijayan