കൊച്ചി: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷരേഖാ ശര്‍മയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. 

മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്തെ ദേശിയ തലത്തില്‍ ഇകഴ്ത്തി കാണിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് രേഖാ ശര്‍മയുടെ പ്രസ്താവനയെന്നും ജോസഫൈന്‍ കുറ്റപ്പെടുത്തി. 

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ല. സംസ്ഥാനത്തെ സാഹചര്യം മനസിലാക്കാതെയുള്ള അഭിപ്രായ പ്രകടനമാണ് ദേശിയ വനിതാ കമ്മീഷനില്‍ നിന്നുണ്ടായിരിക്കുന്നത്. ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. 

ഹാദിയ വീട്ടില്‍ പൂര്‍ണ സുരക്ഷിതയാണെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നുമാണ് രേഖാ ശര്‍മ പറഞ്ഞത്. എന്നാല്‍, ഇത് കോടതിയില്‍ എത്തുമ്പോള്‍ തെളിയുമെന്നും ജോസഫൈന്‍ പറഞ്ഞു. 

ഹാദിയയുടെ കാര്യത്തില്‍ ലൗ ജിഹാദല്ല മറിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടന്നതെന്നായിരുന്നു രേഖ ശര്‍മ്മ അഭിപ്രായപ്പെട്ടത്‌.

ലൗ ജിഹാദും നിര്‍ബന്ധിത മതപരിവര്‍ത്തനവും രണ്ടാണ്. മതപരിവര്‍ത്തനം സംബന്ധിച്ച്‌ കേരളത്തില്‍ നിന്ന് നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കുമെന്നുമാണ് അവര്‍ പറഞ്ഞത്. 

എന്നാല്‍, ദേശീയ വനിതാ കമ്മീഷന്റെ പ്രസ്താവന തള്ളിയ എം.സി. ജോസഫൈന്റെ പ്രസ്താവന കോണ്‍ഗ്രസും മുസ്ലിം ലീഗും സ്വാഗതം ചെയ്തു. സംഘപരിവാര്‍ അജണ്ട നടപ്പാക്കാനാണ് രേഖാ ശര്‍മ്മ ഹാദിയയെ സന്ദര്‍ശിച്ചതെന്ന് ഇരു പാര്‍ട്ടി വക്താക്കളും അഭിപ്രായപ്പെട്ടു. സംസ്ഥാന വനിതാ കമ്മീഷന് ഹാദിയയെ കാണാന്‍ അനുമതി നിഷേധിക്കുകയും ദേശിയ വനിതാ കമ്മീഷന്‍ സന്ദര്‍ശിക്കുകയും ചെയ്തതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി.